ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയോട് താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് ഒഴിയണമെന്ന് അസോസിയേഷൻ നോട്ടീസ് നൽകി. ഈ മാസം 25-നകം ഫ്ലാറ്റ് ഒഴിയണമെന്നാണ് നിർദേശം. രാഹുലിന്റെ കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരന്തരം പരിശോധന നടത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഫ്ലാറ്റിലെ താമസക്കാർ പറയുന്നു.
ലൈംഗിക പീഡന പരാതിയെ തുടർന്ന് ഒളിവിൽപോയ രാഹുൽ കഴിഞ്ഞ ദിവസം വോട്ടു ചെയ്യാനായി പാലക്കാട് എത്തിയിരുന്നു. ഇന്ന് രാവിലെ എംഎൽഎ ഓഫിസിലെത്തുമെന്നാണ് വിവരം. ഇന്നലെ വൈകിട്ട് 4.45 നാണ് പാലക്കാട് നഗരസഭയിലെ 24–ാം വാർഡ് കുന്നത്തൂർമേട് നോർത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ രാഹുൽ വോട്ട് ചെയ്തത്. സ്കൂളിന് പുറത്ത് രാഹുലിനെതിരെ പ്രതിഷേധം ഉണ്ടായിരുന്നു.
തനിക്കു പറയാനുള്ളതും തനിക്കെതിരെ പറയുന്നതും കോടതിയുടെ മുന്നിലാണെന്നും സത്യം ജയിക്കുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും പാലക്കാട്ടു തന്നെ ഉണ്ടാകുമെന്നും രാഹുൽ പറഞ്ഞു. തുടർന്ന് തന്റെ ഓഫിസിലെത്തി ജീവനക്കാരുമായി ഔദ്യോഗിക വിഷയങ്ങൾ ചർച്ച ചെയ്ത ശേഷം മടങ്ങുകയായിരുന്നു.
ലൈംഗികമായി പീഡിപ്പിച്ചെന്നും ഗർഭഛിദ്രത്തിനു നിർബന്ധിച്ചെന്നും ആരോപിച്ച് യുവതി മുഖ്യമന്ത്രിക്കു പരാതി നൽകിയതിനു പിന്നാലെ ഒളിവിൽ പോയ രാഹുൽ രണ്ടാഴ്ചയ്ക്കു ശേഷമാണ് മണ്ഡലത്തിൽ തിരിച്ചെത്തിയത്.
















