അരച്ചു കഴിഞ്ഞാൽ മിക്സിയുടെ ജാർ കഴുകിയെടുക്കുക എന്നത് കുറച്ച് വിഷമം പിടിച്ച പണിയാണ്. എത്ര കഴുകിയാലും പലപ്പോഴും വൃത്തിയാക്കി എടുക്കാൻ പ്രയാസമാണ്. മിക്സിയുടെ ബ്ലേഡിനിടയിൽ ഭക്ഷണാപദാർഥങ്ങൾ മറ്റും പറ്റിപിടിച്ചിരിക്കും. എന്നാൽ ഇനി മിക്സിയുടെ ജാർ വളരെ അനായാസം വൃത്തിയാക്കാം.
മിക്സിയുടെ ജാർ നല്ലതുപോലെ വൃത്തിയാക്കാൻ നാരങ്ങയുടെ തൊലി മികച്ചതാണ്. നാരങ്ങാത്തൊലി കൊണ്ട് ജാറിനു ഉൾവശം മുഴുവൻ നല്ലതുപോലെ തേച്ചുരയ്ക്കണം. ശേഷം കഴുകിയെടുത്താൽ മതി.
പാത്രം കഴുകുന്ന ഡിഷ് വാഷിനു പകരം അലക്കാൻ ഉപയോഗിക്കുന്ന ലിക്വിഡ് ഡിറ്റർജൻ്റും മിക്സി ജാർ വൃത്തിയാക്കാൻ നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതിനായി കുറച്ച് ഡിറ്റർജന്റ് ജാറിലേക്ക് ഒഴിച്ച് നല്ലതുപോലെ ഒന്ന് കറക്കി എടുത്താൽ സംഭവം ക്ലിൻ. അതിനുശേഷം ചെറിയ ചൂടുവെള്ളത്തിൽ കഴുകിയാൽ മതി.
ബേക്കിങ് സോഡ കൊണ്ട് മിക്സി ജാർ വൃത്തിയാക്കാം. തുല്യ അളവിൽ ബേക്കിങ് സോഡയും വെള്ളവും എടുത്ത് ഒഴിച്ച് കുറച്ച് സമയം കറക്കിയെടുത്താൽ ജാർ പുതിയത് പോലെ വെട്ടിത്തിളങ്ങും. കൂടാതെ ഒരു കപ്പ് വെള്ളത്തിലേക്ക് രണ്ട് ടീസ്പൂൺ വിനാഗിരി ഒഴിക്കുക. ഈ മിശ്രിതം ഗ്രൈൻഡറിലേക്ക് ഒഴിച്ച് ഒരു മിനിറ്റ് നേരം പ്രവർത്തിപ്പിക്കണം. തുടർന്ന് ചെറിയ ചൂടുവെള്ളത്തിൽ കഴുകിയാൽ ജാർ വൃത്തിയായി കിട്ടും.
















