ഫുട്ബോൾ ലോകത്തെ രാജകുമാരൻ ലിയോ മെസ്സി നാളെ വീണ്ടും ഇന്ത്യയുടെ മണ്ണിൽ, കൊൽക്കത്തയിൽ എത്തുന്നു. ‘ഗോട്ട് ഇന്ത്യ’യുടെ ഭാഗമായിട്ടാണ് അദ്ദേഹത്തിന്റെ സന്ദർശനം. പുലർച്ചെ കൊൽക്കത്തയിൽ എത്തുന്ന താരം ശനിയാഴ്ച രാവിലെ 11 മണിയോടെ സ്റ്റേഡിയത്തിൽ ആരാധകരെ കാണും. ഇതിലും വലിയ ആവേശമായി, സൂപ്പർ താരം ഷാരൂഖ് ഖാൻ മെസ്സിക്കൊപ്പം ഉണ്ടാകുമെന്ന പ്രഖ്യാപനം കൂടി വന്നതോടെ കൊൽക്കത്ത നഗരം ഇരട്ടി സന്തോഷത്തിലാണ്.
ഷാരൂഖ് ഖാൻ സ്റ്റേഡിയത്തിൽ വെച്ച് മെസ്സിക്കൊപ്പം ഫുട്ബോൾ കളിക്കുമോ, അതോ ബോളിവുഡ് താരത്തിന്റെ വിഖ്യാത സിഗ്നേച്ചർ സ്റ്റെപ്പ് കാണിക്കുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. എന്നാൽ, ഷാരൂഖ് ഖാന്റെ കൃത്യമായ പങ്ക് എന്തായിരിക്കുമെന്ന് സംഘാടകർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
കൊൽക്കത്തയ്ക്ക് ശേഷം ഡിസംബർ 14-ന് മെസ്സി മുംബൈയിൽ എത്തും. ഇവിടെ താരത്തെ കാണാനായി വൻ താരനിരയാണ് കാത്തിരിക്കുന്നത്. ബോളിവുഡിൽ നിന്ന് ജോൺ എബ്രഹാം, ജാക്കി ഷ്രോഫ്, ടൈഗർ ഷ്രോഫ് തുടങ്ങിയവർ എത്തുമെന്നാണ് വിവരം.
കായിക ലോകത്തുനിന്ന് ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കറും എം.എസ്. ധോണിയും മെസ്സിക്ക് ആദരം അർപ്പിക്കാൻ എത്തും. മെസ്സിക്കൊപ്പം കളിക്കുക എന്നത് തന്റെ വലിയ ആഗ്രഹമാണെന്ന് മുമ്പ് പറഞ്ഞിട്ടുള്ള രൺബീർ കപൂർ താരത്തെ കാണാൻ എത്തുമോ എന്ന ആകാംഷയിലാണ് ആരാധകർ.
















