മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ചിത്രപ്രിയയുടെ (19) കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തിൽ ദുരൂഹത. പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് കൊല്ലപ്പെട്ട ചിത്രപ്രിയ അല്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ രംഗത്തെത്തി.
തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും, ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും ബന്ധുവായ ശരത് ലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽ, ചിത്രപ്രിയയുടെ സുഹൃത്ത് അലൻ ബെന്നി (21) അറസ്റ്റിലായതിന് പിന്നാലെയാണ് ബന്ധുക്കൾ പോലീസിൻ്റെ കണ്ടെത്തലുകൾക്കെതിരെ രംഗത്തെത്തിയത്.
ചിത്രപ്രിയയുടെ സുഹൃത്തായ കൊറ്റമം കുറിയേടം സ്വദേശി അലൻ ബെന്നിയെ കാലടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ, മദ്യലഹരിയിൽ ചിത്രപ്രിയയെ താൻ കൊലപ്പെടുത്തിയെന്നാണ് അലൻ പോലീസിന് നൽകിയ മൊഴി.
തലയോട്ടിക്കേറ്റ ആഴത്തിലുള്ള മുറിവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ചെവിക്ക് താഴെ കല്ലുകൊണ്ട് അടിയേറ്റതിൻ്റെ മുറിവും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് മലയാറ്റൂർ അടിവാരത്തിനു സമീപം സെബിയൂർ, കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പിൽ ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പിൽ താത്കാലിക ഫയർ വാച്ചറായ ഷൈജുവിൻ്റെയും കേറ്ററിംഗ് ജോലിക്കു പോകുന്ന ഷിനിയുടെയും മകളാണ് ചിത്രപ്രിയ. ബെംഗളൂരുവിൽ ബിബിഎ ഏവിയേഷൻ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്ന ചിത്രപ്രിയ ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്.
ചിത്രപ്രിയയും സുഹൃത്ത് അലനും തമ്മിൽ മുൻപും പലവട്ടം വഴക്കുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. പെൺകുട്ടിക്ക് മറ്റ് സൗഹൃദങ്ങളുണ്ടെന്ന സംശയത്തെച്ചൊല്ലിയായിരുന്നു ഈ തർക്കങ്ങൾ. ഈ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സിസിടിവി ദൃശ്യങ്ങളെ സംബന്ധിച്ച ബന്ധുക്കളുടെ പുതിയ വെളിപ്പെടുത്തൽ പോലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ചിത്രപ്രിയയുടേതല്ലെങ്കിൽ, പോലീസ് അന്വേഷണം മറ്റ് ദിശകളിലേക്ക് വ്യാപിപ്പിക്കേണ്ടിവരും.
















