തിരുവനന്തപുരം: 30-ാമത് കേരളാ അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന് (ഐഎഫ്‌എഫ്‌കെ) തിരി തെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം നിർവ്വഹിച്ചു. 8ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമേള ഡിസംബര്‍ 19-ന് സമാപിക്കും. ചലച്ചിത്രമേള നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്കുള്ള പിന്തുണയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ചെറിയാന്‍ പറഞ്ഞു.
ഐഎഫ്എഫ്‌കെ എന്നും എപ്പോഴും അവള്‍ക്കൊപ്പമാണ്. അന്ന് അവര്‍ ഐഎഫ്എഫ്‌കെ വേദിയില്‍ വന്നപ്പോള്‍ ആളുകള്‍ കരഘോഷം മുഴക്കി. കേരളവും സംസ്ഥാന സര്‍ക്കാരും അവള്‍ക്കൊപ്പമാണെന്ന് ആവര്‍ത്തിക്കുന്നതായും മന്ത്രി പറഞ്ഞു.
പൊരുതുന്ന ജനങ്ങള്‍ക്കൊപ്പമാണ് ഐഎഫ്എഫ്‌കെയെന്ന് മന്ത്രി വ്യക്തമാക്കി. പലസ്തീന്‍ അംബാസിഡര്‍ അബ്ദുള്ള എം. അബു ഷാവേഷിന്റെ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മലയാള സിനിമയുടെ ശ്രദ്ധേയമായ മുഹൂര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ രണ്ടാം പിണറായി സര്‍ക്കാരിന് സാധിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തെ തീരുമാനിച്ച പരിപാടിയുമായി ബന്ധപ്പെട്ട് ലണ്ടനില്‍ ആയതിനാലാണ് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടിക്ക് ഉദ്ഘാടനത്തിന് എത്താന്‍ സാധിക്കാത്തതെന്ന് മന്ത്രി അറിയിച്ചു. സമാപനസമ്മേളനത്തിന് അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
















