ഇഷ്ടമുള്ള ഭക്ഷണം കഴിക്കണം, എന്നാൽ ശരീരഭാരം കൂടാനും പാടില്ല—ഇന്നത്തെ കാലത്തെ മിക്കവരുടെയും ചിന്താഗതി ഇതാണ്. മാറിയ ജീവിതശൈലിയും ഭക്ഷണശീലങ്ങളും അമിതവണ്ണം സാധാരണമാക്കിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ പലരും ആദ്യം തിരഞ്ഞെടുക്കുന്ന മാർഗം, ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും എന്നാൽ കലോറി കൂടിയ ഭക്ഷണത്തിൻ്റെ അളവ് കൂട്ടുക എന്നതുമാണ്.
എന്നാൽ, ഈ രീതി ശരിയാണോ? ഭക്ഷണത്തിന്റെ അളവ് കുറച്ച് കലോറി കൂടിയ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? എന്നാൽ ഇത് അത്ര ശരിയായ പ്രവൃത്തി അല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അളവ് കുറയ്ക്കുന്നതിനേക്കാൾ പ്രധാനം, കഴിക്കുന്ന ഭക്ഷണത്തിൻ്റെ പോഷകഗുണവും സമീകൃതാഹാരവുമാണ്.
ഇടവിട്ട് ഭക്ഷണം കഴിക്കാതിരിക്കുന്നതും കലോറി നിയന്ത്രിച്ച് കഴിക്കുന്നതും നിങ്ങളുടെ ശരീരത്തിന് പതിവായി പോഷകങ്ങൾ ലഭിക്കുന്നത് കുറക്കുമെന്ന് ഡോക്‌ടർമാർ പറയുന്നു. ഇത് മെറ്റബോളിസത്തെ തടസപ്പെടുത്തുകയും അമിതമായി ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
നമ്മുടെ ബുദ്ധിശക്തിയേക്കാൾ വളരെ വേഗത്തിലാണ് ശരീര പ്രവർത്തനങ്ങൾ നടക്കുന്നത്. ശരീരഭാരം കുറക്കുന്നതിൻ്റെ ഭാഗമായി ഭക്ഷണം ഒഴിവാക്കി നിയന്ത്രണാധീതമായി മറ്റ് ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഇത് ശരീരത്തിലെ സമ്മർദ ഹോർമോണകളെ പുറന്തള്ളുന്നു. ഇതുവഴി ഭക്ഷണം വീണ്ടും വീണ്ടും കഴിക്കാനുള്ള തോന്നൽ ഉണ്ടാകുന്നു എന്ന് വിദഗ്‌ധർ പറയുന്നു.
ഭക്ഷണം കുറച്ച് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുമെന്നാണ് പൊതുവിലുള്ള ധാരണ. എന്നാലിത് ലളിതമായി കരുതേണ്ട. ഭക്ഷണത്തിൻ്റെ അഭാവം മൂലം ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. ഇത് കോർട്ടിസോൾ ഉത്‌പ്പാദിപ്പിക്കുകയും ഇത് മൂലം സമ്മർദ ഹോർമോൺ പ്രതികരിക്കുകയും ചെയ്യുന്നു.
ശരീരഭാരം നിയന്ത്രിക്കാനായി ഭക്ഷണ നിയന്ത്രണത്തിന് പകരം ശരിയായ ഭക്ഷണശീലങ്ങളെ ആശ്രയിക്കുന്നതാണ് ഉത്തമം. സമയം ലാഭിക്കാനായി വേഗത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഭക്ഷണം ഊർജ നിലകളിൽ പ്രതികൂല ഫലങ്ങൾ സൃഷ്‌ടിക്കുന്നു. ശരിയായ അളവിലുള്ള ജലാംശം, ഭക്ഷണം എന്നിവ പതിവായി കഴിക്കാനും ആരോഗ്യ വിദഗ്‌ധർ നിർദേശിക്കുന്നു. ഭാരം നിയന്ത്രിക്കുന്നതിനൊപ്പം മെച്ചപ്പെട്ട ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനിടയിൽ മെറ്റബോളിസം നിലനിർത്താൻ ഇത് സഹായിക്കുമെന്നും വിദഗ്‌ധർ പറയുന്നു.
















