ക്രിസ്മസ് ആഘോഷങ്ങൾക്ക് നിറം പകരാൻ വീടുകളിൽ കേക്കും വൈനും ഒരുക്കുന്ന തിരക്കിലാകും ഇനി എല്ലാവരും. ചരിത്രപരമായും സാംസ്കാരികപരമായും ഏറെ പ്രാധാന്യമുള്ള പാനീയമാണ് വൈൻ. മുന്തിരി, പൈനാപ്പിൾ, ലൂബിക്ക തുടങ്ങിയ വിവിധതരം പഴങ്ങൾ ഉപയോഗിച്ച് വൈൻ ഉണ്ടാക്കാമെങ്കിലും ഇത്തവണ നമുക്ക് ലൂബിക്കയെ ആശ്രയിക്കാം. സാധാരണ വൈൻ ഉണ്ടാക്കുമ്പോൾ ഗോതമ്പ്, യീസ്റ്റ് തുടങ്ങിയ ചേരുവകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ അതൊന്നും ചേർക്കാതെ തന്നെ അതിരുചികരമായ വൈൻ വെറും അഞ്ച് ദിവസം കൊണ്ട് നിങ്ങളുടെ അടുക്കളയിൽ ഒരുക്കാൻ സാധിക്കുമെന്നതാണ് ഈ രീതിയുടെ പ്രത്യേകത.
ചേരുവകൾ
ലൂബിക്ക- 3 കിലോ
പഞ്ചസാര- 2 കിലോ
വെള്ളം- 2 1/2 ലിറ്റർ
ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട, തക്കോലം – ഒരുപിടി
തയ്യാറാക്കുന്ന വിധം
ലൂബിക്ക കഴുകി വൃത്തിയാക്കി വെള്ളമെല്ലാം തുടച്ചെടുക്കാം. പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് 2 1/2 ലിറ്റർ വെള്ളം ചേർക്കാം. ഇനി 2 പഞ്ചസാര ചേർത്ത് അലിയിക്കാം. പഞ്ചസാര നന്നായി അലിഞ്ഞതിനു ശേഷം ഏലയ്ക്ക, ഗ്രാമ്പൂ, തക്കോലം, കറുവാപ്പട്ട എന്നിവ ഒരുപിടി ചേർത്ത് തിളപ്പിക്കാം. അതിലേക്ക് ലൂബിക്ക ചേർത്ത് അടുപ്പണയ്ക്കാം. വെള്ളം തണുത്തതിനു ശേഷം ഒരു ഭരണിയിലേയ്ക്കു മാറ്റാം. കോട്ടൺ തുണി ഉപയോഗിച്ച് വായു സഞ്ചാരമില്ലാത്ത വിധം ഭരണിയുടെ വായ മൂടി കെട്ടാം. സൂര്യപ്രകാശം നേരിട്ടേൽക്കാത്ത സ്ഥലത്ത് ഭരണി അനക്കാതെ സൂക്ഷിക്കാം. അഞ്ച് ദിവസത്തിനു ശേഷം തുറന്ന് അരിച്ചെടുക്കാം.
















