തൃശൂർ: തൃശൂരിൽ കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ തൂങ്ങി മരിച്ചു. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി ബാബു (45) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
യാത്രാമധ്യേ കെഎസ്ആർടിസി ബസ് വഴിയരികിൽ ഒതുക്കി നിർത്തി ഇറങ്ങിപ്പോയ ഡ്രൈവർ ജീവനൊടുക്കി. ദേശീയപാതയിൽ പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ഇന്നലെ വൈകിട്ടാണ് സംഭവം. ഡ്രൈവർ പോയ ഉടൻ യാത്രക്കാരെ കണ്ടക്ടർ മറ്റൊരു ബസിൽ പറഞ്ഞയക്കുകയായിരുന്നു.
ബസ് പിന്നീട് പുതുക്കാട് ഡിപ്പോയിലേയ്ക്ക് മാറ്റി. പരാതിയെ തുടര്‍ന്ന് പുതുക്കാട് പൊലീസും ബന്ധുക്കളും ചേര്‍ന്ന് അന്വേഷിക്കുന്നതിനിടെ മണലി പാലത്തിനുസമീപമുള്ള ഭാഗത്ത് ബാബുവിന്റെ മൊബൈല്‍ ഫോണ്‍ ലഭിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് പാലത്തിനുസമീപം ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബാബുവിന്റെ പെട്ടെന്നുള്ള പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല.
















