കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് തദ്ദേശ തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കാമെന്ന കേരളാ കോണ്‍ഗ്രസ് എം (മാണി) വിഭാഗത്തിന്റെ പ്രതീക്ഷകള്‍ വിഫലമായി. അര നൂറ്റാണ്ട് കെ എം മാണിയിലൂടെ അടയാളപ്പെട്ട പാലാ ഉള്‍പ്പെടേയുള്ള പാർട്ടി ശക്തികേന്ദ്രങ്ങളില്‍ പലതും കേരളാ കോണ്‍ഗ്രസ് എമ്മിനെ കൈവിട്ടു. കേരളാ കോണ്‍ഗ്രസ് എമ്മുമായുളള ബന്ധം കൊണ്ട് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേതു പോലെ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന എല്‍ഡിഎഫിന്റെ പ്രതീക്ഷകള്‍ കൂടിയാണ് ഇത്തവണ പൊലിഞ്ഞത്.
കോട്ടയം ജില്ലാ പഞ്ചായത്തിലും കേരളാ കോണ്‍ഗ്രസ് എമ്മിന് കാലിടറി. കഴിഞ്ഞ തവണത്തെ പാര്‍ട്ടിയുടെ മിന്നുംപ്രകടനം കണ്ട് സീറ്റ് വിഭജനത്തില്‍ ഉദാരസമീപനമായിരുന്നു എല്‍ഡിഎഫ് ഇത്തവണ കാണിച്ചത്. സിപിഐയുടെ എതിര്‍പ്പ് അവഗണിച്ച് കേരളാ കോണ്‍ഗ്രസ് എമ്മിന് കോട്ടയം ജില്ലയില്‍ മാത്രം ആകെ 467 സീറ്റുകളാണ് നല്‍കിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 48 സീറ്റ് അധികം.
തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് കൂടുതല്‍ പ്രാധാന്യം നല്‍കിയ എല്‍ഡിഎഫിന്റെ കണക്കുകൂട്ടലുകള്‍ പാടെ തെറ്റി. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ഈറ്റില്ലമായ പാലാ മുനിസിപ്പാലിറ്റിയില്‍ പോലും വ്യക്തമായ ആധിപത്യത്തിലൂടെ അധികാരത്തിലേറാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. മറ്റ് മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളിലും തങ്ങളുടെ മികവ് പ്രകടിപ്പിക്കുന്നതിലും അവര്‍ പരാജയപ്പെട്ടു.
ബിജെപി ഭരിച്ച ഗ്രാമപഞ്ചായത്തുകളായ മുത്തോലി, പളളിക്കത്തോട് എന്നിവിടങ്ങളില്‍ അവരുടെ അക്കൗണ്ട് പൂട്ടുമെന്ന കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ അവകാശവാദം വിജയം കണ്ടെങ്കിലും സ്വന്തം വാര്‍ഡില്‍ ഉള്‍പ്പെടെ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ജോസ് കെ മാണിയുടെ വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു.
















