തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ അപ്രതീക്ഷിത തിരിച്ചടി നേരിട്ടതിന്റെ ഞെട്ടലിലാണ് ഭരണപക്ഷമായ എൽഡിഎഫ്. സംസ്ഥാനത്ത് യുഡിഎഫ് നടത്തിയ മുന്നേറ്റത്തേക്കാൾ എൽഡിഎഫിന് വെല്ലുവിളിയാകുക ബിജെപി ഉണ്ടാക്കിയ മുന്നേറ്റമാണെന്ന് തീർച്ചയാണ്.
പന്തളം നഗരസഭയിൽ ബിജെപിയെ ഭരണത്തിൽ നിന്ന് പുറത്താക്കാൻ എൽഡിഎഫിന് സാധിച്ചെങ്കിലും തിരുവനന്തപുരം കോർപ്പറേഷനിലും തൃപ്പൂണിത്തുറ നഗരസഭയിലും ബിജെപി ഉണ്ടാക്കിയ മുന്നേറ്റം ഇടതുപക്ഷത്തെ സംബന്ധിച്ച് വെല്ലുവിളിയാണ്. ബിജെപിയുടെ മുന്നേറ്റം കോൺഗ്രസിനും പ്രതിസന്ധി ഉയർത്തുന്ന സാഹചര്യം മുന്നിലുണ്ട്.
2020ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തായിരുന്ന ബിജെപി ഇത്തവണ തിരുവനന്തപുരം നഗരസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. കേവല ഭൂരിപക്ഷം ലഭിക്കാൻ ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് കുറവ്. ഭരണത്തിലുണ്ടായിരുന്ന പാലക്കാട് പക്ഷെ ഇത്തവണ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാൻ ബിജെപിക്ക് സാധിച്ചില്ല. അമ്പത്തിമൂന്ന് വാർഡുള്ള നഗരസഭയിൽ ബിജെപിക്ക് ലഭിച്ചിരിക്കുന്നത് 25 സീറ്റുകളാണ്. 2015ൽ ബിജെപി ആദ്യമായി പാലക്കാട് നഗരസഭയിൽ അധികാരം നേടിയത് സ്വതന്ത്രരുടെ സഹായത്തോടെയായിരുന്നു.
അതേസമയം 2020ൽ 28 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെയായിരുന്നു ബിജെപി ഭരണംപിടിച്ചത്. 27 സീറ്റുകളാണ് ഇവിടെ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാൽ ഇത്തവണ ഒറ്റയ്ക്ക് നഗരസഭ ഭരിക്കാൻ കഴിയില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയിട്ടുണ്ട്. തൃപ്പൂണിത്തുറ നഗരസഭയിലും കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബിജെപി. ഈ മൂന്നിടങ്ങളിലും ഭരണം കൈയ്യാളാൻ ഏറ്റവും അനുകൂലമായ സാഹചര്യം ബിജെപിക്കുണ്ട്. ബിജെപിയെ ഈ മൂന്നിടത്തും അധികാരത്തിന് പുറത്ത് നിർത്തണമെങ്കിൽ യുഡിഎഫും ഇടതുപക്ഷവും പരസ്പര ധാരണയിൽ എത്തേണ്ടതുണ്ട്.
ഈ മൂന്നിടങ്ങളിലും ബിജെപിയെ അധികാരത്തിന് പുറത്ത് നിർത്താൻ നിലവിൽ ‘ഇൻഡ്യ’ മുന്നണിയുടെ ഭാഗമായ ഇടതുപക്ഷത്തിനും കോൺഗ്രസിനും കഴിയുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഇതിൽ തിരുവനന്തപുരത്ത് കോൺഗ്രസും ഇടതുപക്ഷവും ഒരുമിച്ച് നിന്നാലും ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്ത് നിർത്താനുള്ള സാധ്യതകൾ വിദൂരമാണ്.
















