ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ ഇന്ന് പാർലമെന്റ് പരിസരത്ത് പ്രതിഷേധം സംഘടിപ്പിക്കും. ഇന്നു രാവിലെ 10.30ന് പാർലമെന്റിന്റെ മുഖ്യകവാടത്തിൽ ധർണ നടത്താനാണ് യുഡിഎഫ് എംപിമാരുടെ തീരുമാനം.
ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി നടക്കുക. കോടതി മേൽനോട്ടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസിയെ നിയോഗിച്ച് കേസ് അന്വേഷിക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. സംസ്ഥാന സർക്കാർ രൂപീകരിച്ച എസ്ഐടി അന്വേഷണത്തിൽ നിരവധി തടസ്സങ്ങളുണ്ടെന്നും, ഇതുവഴി സത്യാവസ്ഥ പുറത്തുവരുന്നത് വൈകുകയാണെന്നും യുഡിഎഫ് എംപിമാർ ആരോപിച്ചു.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും പ്രതിഷേധത്തിലൂടെ എംപിമാർ ഉന്നയിക്കും.
















