കേരളത്തെ ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തുന്ന മഹാമേളയാണ് IFFK. ലോക സിനിമയുടെ ഇപ്പോഴത്തെ അവസ്ഥ മുതല്‍ വരാനിരിക്കുന്നതും ഭൂതകാല ചരിത്രം വരെയും മലയാളി പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാകുന്നു എന്നതാണ് പ്രധാനം. മാറ്റങ്ങള്‍, അധിനിവേശം, യുദ്ധങ്ങള്‍, കെടുതികള്‍, പട്ടിണി, പ്രണയം, കാമം, മരണം, കൊലപാതകങ്ങള്‍, വൈകൃതങ്ങള്‍ അങ്ങനെ സമസ്ത മേഖലയെയും അഡ്രസ്സ് ചെയ്തുകൊണ്ടാണ് IFFK അവസാനിക്കുന്നത്. നോക്കൂ, മേളയുടെ അഞ്ചാം ദിനത്തില്‍ അറിയാന്‍ കഴിയുന്നത് പ്രേക്ഷകരെ നിരാശയലാഴ്ത്തുന്ന കാര്യം തന്നെയാണ്. 19 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി ഇല്ല. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് 19 സിനിമകള്‍ ഒഴിവാക്കാന്‍ IFFK സംഘാടകര്‍ നിര്‍ബന്ധിതരായത്.
എന്തുകൊണ്ടാണ് ഈ 19 സിനിമകളും പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന തിട്ടൂരം കേന്ദ്രം നല്‍കുന്നത്. ആരാണ് ഈ സിനിമകളെ ഭയക്കുന്നത്. പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഇത്തവണത്തെ IFFK തുടങ്ങുന്നത്. മേളയില്‍ പലസ്തീന്‍ സിനിമകള്‍ നിരവധിയുണ്ട്. അതിനു വേണ്ടി ഒരു പാക്കേജ് തന്നെ മേളയിലുണ്ട്. പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധ സാഹചര്യത്തില്‍ പലസ്തീനിനൊപ്പം നില്‍ക്കുക എന്നത് മനുഷ്യത്വം കൂടിയാണ്. മലയാളിയും കേരളവും അത് കാണിക്കുമ്പോള്‍ അതിനെ തടയുന്നത് കേന്ദ്രമാണെന്ന് മറന്നു പോകരുത്. പലസ്തീന്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചാല്‍ എന്താണ് സംഭവിക്കാന്‍ പോവുക.
ഇന്നലെ രണ്ടു സിനിമകള്‍ പ്രദര്‍ശിപ്പിച്ചില്ല. വരും ദിവസങ്ങളിലും പലസ്തീന്‍ സിനിമകള്‍ക്ക് കത്രിക വെയ്ക്കും. അങ്ങനെ മേളയില്‍ നിന്നും ആ 19 സിനിമകളും ഇല്ലാതാകും. ഇനിയൊരിക്കാല്‍ ഒഴിവാക്കപ്പെട്ട സിനിമകള്‍ കേരളത്തില്‍ എവിടെയും പ്രദര്‍ശിപ്പിക്കാനാവില്ല എന്നതും കൂടെ ഇവിടെ അറിയേണ്ടതുണ്ട്. കാരണം, കേന്ദ്രാനുമതി കിട്ടാതെ അന്യ രാജ്യസിനിമകള്‍ ഇവിടെ പ്രര്‍ശിപ്പിക്കാനാവില്ല. രാജ്യ വിരുദ്ധ പ്രവൃത്തിയായോ രാജ്യത്തിനെതിരേയുള്ള യുദ്ധ പ്രഖ്യാപനമാമോ അതിനെ കണക്കാക്കിയേക്കാം. എന്നാല്‍, ലോകത്തു നടക്കുന്നതെന്താണ് എന്നറിയാന്‍ കഴിയുന്ന ഒരു മാധ്യമം കൂടിയാണ് സിനിമ. അതിനെ വെട്ടിമാറ്റിക്കൊണ്ട്, അറിയാന്‍ പാടില്ലെന്ന് ശഠിക്കുന്നത്, വിവരങ്ങളാണ്. വസ്തുതകളാണ്.
സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സിനിമാ പ്രേമികളും ഡെലിഗേറ്റുകളും പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. മേള നടക്കുന്ന തിയേറ്ററുകള്‍ക്ക് മുമ്പിലും, പ്രധാന വേദിയായ ടാഗോറിലും പ്രതിഷേധം നടത്തി. മേളയുടെ ആദ്യ ദിനത്തില്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിച്ച ഉദ്ഘാടന ചിത്രമായ ‘പാലസ്തീന്‍ 36’ പിന്നീട് പ്രഗര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല. ആന്‍മേരി ജാസിര്‍ സംവിധാനം ചെയ്ത പലസ്തീന്‍ 36, ബ്രിട്ടീഷ് വിരുദ്ധ സമരവും ജനജീവിത സംഘര്‍ഷങ്ങളും ചര്‍ച്ച ചെയ്യുന്നു. 98-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിനായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട പലസ്തീന്‍ ചിത്രമായിരുന്നു ഇത്.
CONTENT HIGH LIGHTS; Are you afraid of those 19 films?: Afraid of Palestinian films too?; Center cuts corners at IFFK; 19 films not allowed to be screened
















