ഡൽഹി – ആഗ്ര എക്സ്പ്രസ് വേയിൽ മൂടൽമഞ്ഞിനെ തുടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. നാല് പേർ മരിച്ചു, നിരവധി പേർക്ക് ഗുരുതര പരിക്കുണ്ട്. മഥുരയിൽ ഇന്ന് പുലർച്ചെയോടെയാണ് അപകടം. ഏഴ് ബസ്സുകളും മൂന്ന് കാറുകളുമാണ് കൂട്ടിയിടിച്ചത്. വാഹനങ്ങൾ ഇടിച്ചതിനു പിറകെ തീപടരുകയും ചെയ്തതോടെയാണ് സ്ഥിതി ഗുരുതരമായത്. മൂടൽ മഞ്ഞാണ് വാഹനങ്ങൾ അപകടത്തിൽ പെടാൻ കാരണമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അപകടവും മരണവും സ്ഥിരീകരിച്ച ഡൽഹി എസ്എസ്പി ശ്ലോക് കുമാർ, രക്ഷാപ്രവർത്തനം ഊർജിതമാണെന്നും ഗതാഗതക്കുരുക്ക് മാറ്റാൻ ശ്രമം തുടരുകയാണെന്നും അറിയിച്ചു. കടുത്ത പുകമഞ്ഞാണ് ഇവിടെ. ഒന്നും കാണാനാവാത്ത അവസ്ഥയാണ് ഏഴ് ബസുകളും മൂന്ന് കാറുകളും കൂട്ടിയിടിക്കാൻ കാരണം. കൂട്ടിയിടിയെ തുടർന്ന് കാറുകൾക്ക് തീപിടിക്കുകയും ചെയ്തു- അദ്ദേഹം പറഞ്ഞു. വാർത്തയറിഞ്ഞതിനു പിന്നാലെ ഫയർ സർവീസ്, ലോക്കൽ പൊലീസ് സംഘങ്ങളെ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് അയച്ചു. രക്ഷാപ്രവർത്തനം ഇപ്പോൾ ഏതാണ്ട് പൂർത്തിയായി. ഇതുവരെ നാല് പേർ മരിച്ചെന്നാണ് സ്ഥിരീകരിക്കാനാവുന്ന വിവരം- അദ്ദേഹം വ്യക്തമാക്കി.
















