കോഴിക്കോട് ആറു വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ വെസ്റ്റ്ഹിൽ സ്വദേശി വിജിലിന്റെ തിരോധാനം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് സരോവരത്തെ ചതുപ്പിൽനിന്ന് കണ്ടെത്തിയ അസ്ഥികൾ കാണാതായ വിജിലിന്റേതാണെന്ന് കണ്ണൂർ ഫോറൻസിക് ലാബിലെ ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വിജിലിന്റെ സുഹൃത്തുക്കളായ കെ.കെ. നിഖിൽ, ദീപേഷ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
2019 മാർച്ചിലാണ് വെസ്റ്റ്ഹിൽ സ്വദേശിയായ വിജിലിനെ കാണാതായത്. എലത്തൂർ പോലീസ് മിസിങ് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും കോവിഡ് സാഹചര്യങ്ങളും ഉദ്യോഗസ്ഥമാറ്റങ്ങളും കാരണം അന്വേഷണം നിലച്ചു. അടുത്തിടെ കേസുകൾ കൊലപാതക സാധ്യത മുൻനിർത്തി പുനരന്വേഷിക്കാനുള്ള നിർദേശം വന്നതോടെയാണ് വിജിൽ തിരോധാനം വീണ്ടും സജീവമായത്. അന്വേഷണം വിജിലിന്റെ സുഹൃത്തുക്കളിലേക്ക് നീണ്ടു.
അമിതമായ ബ്രൗൺ ഷുഗർ ലഹരി ഉപയോഗത്തിനിടെ വിജിൽ കുഴഞ്ഞുവീണ് മരിച്ചെന്നും, ശേഷം മൃതദേഹം സരോവരത്തെ ചതുപ്പിൽ കുഴിച്ചിടുകയായിരുന്നുവെന്നുമാണ് സുഹൃത്തുക്കളായ നിഖിലും ദീപേഷും പോലീസിന് മൊഴി നൽകിയത്. 2019 മാർച്ച് 24-ന് വീട്ടിൽ നിന്നിറങ്ങിയ വിജിലിന്റെ ഫോൺ രാത്രിയോടെ സ്വിച്ച് ഓഫ് ആയതോടെ വീട്ടുകാർ ആശങ്കയിലായിരുന്നു. പഴയ ശീലം വെച്ച് എവിടെയെങ്കിലും യാത്ര പോയതാകാം എന്നാണ് കുടുംബം ആദ്യം കരുതിയത്. എന്നാൽ, മൂന്ന് ദിവസത്തിന് ശേഷം പിതാവ് പോലീസിൽ പരാതി നൽകി.
മയക്കുമരുന്ന് കുത്തിവെച്ച ശേഷം വിജിൽ കുഴഞ്ഞുവീണപ്പോൾ, ലഹരി വിടുമ്പോൾ എഴുന്നേറ്റു പോകുമെന്ന് കരുതി സുഹൃത്തുക്കൾ സ്ഥലം വിടുകയായിരുന്നു. എന്നാൽ പിറ്റേന്ന് തിരിച്ചെത്തിയപ്പോൾ വിജിൽ മരിച്ച നിലയിലായിരുന്നു. സത്യം പുറത്തറിയാതിരിക്കാൻ മൂവരും ചേർന്ന് വിജിലിന്റെ മൃതദേഹം ചതുപ്പിലൂടെ വലിച്ചിഴച്ച്, കല്ലും കയറും ഉപയോഗിച്ച് കെട്ടിത്താഴ്ത്തുകയായിരുന്നു.
തുടർന്ന് വിജിൽ നാട് വിട്ടെന്ന് വരുത്തിത്തീർക്കാൻ ബൈക്ക് കല്ലായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചു. മൃതദേഹം കുഴിച്ചുമൂടി എട്ട് മാസങ്ങൾക്ക് ശേഷം അസ്ഥികൾ ശേഖരിച്ച് വരക്കൽ കടപ്പുറത്തുവെച്ച് ശേഷക്രിയ ചെയ്തതായും പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
വിജിലിന്റെ അവസാന ടവർ ലൊക്കേഷൻ സരോവരമായിരുന്നുവെന്നും, ഇതേസമയം സുഹൃത്തുക്കളും അവിടെയുണ്ടായിരുന്നുവെന്നും കണ്ടെത്തിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. പ്രതികളുടെ മൊഴിയനുസരിച്ച് പോലീസ് സെപ്റ്റംബറിൽ സരോവരത്തെ ചതുപ്പിൽ തിരച്ചിൽ തുടങ്ങി. കനത്ത മഴ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും, ഓണത്തിന് ശേഷം വീണ്ടും പ്രതികളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ സജ്ജീകരണങ്ങളോടെ തിരച്ചിൽ തുടർന്നു.
പോലീസ്, ഫയർഫോഴ്‌സ്, മണ്ണ് മാന്തി യന്ത്രങ്ങൾ, കഡാവർ നായകൾ, സന്നദ്ധപ്രവർത്തകർ ഉൾപ്പെടെയുള്ള വലിയ സംഘം നടത്തിയ പരിശോധനയിൽ 53 അസ്ഥിഭാഗങ്ങൾ, വസ്ത്രത്തിന്റെ അവശിഷ്ടങ്ങൾ, കെട്ടിത്താഴ്ത്തിയ കല്ലുകൾ, കയറുകൾ എന്നിവ കണ്ടെത്തി.
അവസാനമായി നടത്തിയ ഡിഎൻഎ പരിശോധനയിലൂടെ അസ്ഥികൾ വിജിലിന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ കൊലപാതകത്തിന്റെ ദുരൂഹതയ്ക്ക് പൂർണ്ണ വിരാമമായി.
















