ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് താരം അഭിഗ്യാൻ കുണ്ഡ് ചരിത്രത്തിലേക്ക് ബാറ്റേന്തി. യൂത്ത് ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് ആണ് 17-കാരനായ അഭിഗ്യാൻ സ്വന്തമാക്കിയത്. ചൊവ്വാഴ്ച അണ്ടർ 19 ഏഷ്യാ കപ്പിൽ മലേഷ്യയ്‌ക്കെതിരെ നടന്ന മത്സരത്തിലായിരുന്നു ഈ തകർപ്പൻ പ്രകടനം.
ഈ റെക്കോർഡ് നേട്ടത്തോടെ യൂത്ത് ഏകദിനത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോർ എന്ന ബഹുമതിയും അഭിഗ്യാൻ സ്വന്തമാക്കി. നേരത്തെ, യുഎഇക്കെതിരായ മത്സരത്തിൽ 14-കാരനായ വൈഭവ് സൂര്യവംശി നേടിയ 171 റൺസിന്റെ റെക്കോർഡാണ് താരം തിരുത്തിക്കുറിച്ചത്.
മലേഷ്യൻ ബൗളർമാരെ അനായാസം നേരിട്ട അഭിഗ്യാൻ 125 പന്തുകളിൽ നിന്ന് 209 റൺസുമായി പുറത്താകാതെ നിന്നു. 9 സിക്‌സറുകളും 17 ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു ഈ വെടിക്കെട്ട് ഇന്നിങ്‌സ്.
അഭിഗ്യാന്റെ ഉജ്വല പ്രകടനത്തിന്റെ പിൻബലത്തിൽ ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 408 റൺസെന്ന കൂറ്റൻ സ്‌കോർ നേടി. ഓപ്പണർമാരായ വേദാന്ത് ത്രിവേദിയും (106 പന്തിൽ 90 റൺസ്), വൈഭവ് സൂര്യവംശിയും (26 പന്തിൽ 50 റൺസ്) മികച്ച പിന്തുണ നൽകി. വൈഭവ് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ അഭിഗ്യാൻ തന്റെ ഇന്നിങ്‌സ് ശ്രദ്ധയോടെയാണ് തുടങ്ങിയത്.
ആദ്യ 44 പന്തിൽ അർധ സെഞ്ചുറിയും, 80-ാം പന്തിൽ സെഞ്ചുറിയും പിന്നിട്ട താരം, കേവലം 121 പന്തിൽ നിന്നാണ് ഇരട്ട സെഞ്ചുറി എന്ന മാന്ത്രിക സംഖ്യയിൽ എത്തിയത്. വേദാന്ത് ത്രിവേദിയുമായി ചേർന്ന് 181 പന്തിൽ 209 റൺസിന്റെ കൂട്ടുകെട്ടും, തുടർന്ന് കനിഷ്‌ക് ചൗഹാനുമായി ചേർന്ന് 36 പന്തിൽ നിന്ന് 87 റൺസിന്റെ കൂട്ടുകെട്ടും അഭിഗ്യാൻ പടുത്തുയർത്തി.
യൂത്ത് ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം താരമാണ് അഭിഗ്യാൻ കുണ്ഡ്. ദക്ഷിണാഫ്രിക്കയുടെ ജോറിച്ച് വാൻ ഷാൽക്വിക്കിന് (215 റൺസ്) മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്. വാൻ ഷാൽക്വിക്കിന്റെ സ്‌കോറിന് ശേഷം അണ്ടർ 19 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറും ഇത് തന്നെയാണ്. കൂടാതെ, അണ്ടർ 19 ഏഷ്യാ കപ്പിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ എന്ന റെക്കോർഡും ഈ പ്രകടനത്തിലൂടെ ഇന്ത്യൻ താരം സ്വന്തമാക്കി.
















