കണ്ണൂർ പിണറായിയിൽ സ്ഫോടനം. സ്ഫോടനത്തിൽ സിപിഎം പ്രവർത്തകനായ വിപിൻ രാജിന്റെ കൈപ്പത്തി തകർന്നു. വെണ്ടുട്ടായി കനാൽ കരയിൽ വെച്ചായിരുന്നു സ്ഫോടനം നടന്നത്. എന്നാൽ പൊട്ടിയത് ബോംബ് അല്ല പടക്കമാണെന്നാണ് പോലീസ് പറയുന്നത്.
ഇന്ന് ഉച്ച തിരിഞ്ഞ് രണ്ട് മണിയോടെ വിപിൻരാജിന്റെ വീടിനു സമീപത്ത് വെച്ചായിരുന്നു സ്ഫോടനം നടന്നത്. ഉഗ്രശേഷിയുള്ള നാടൻ പടക്കമാണ് പൊട്ടിയതെന്നാണ് വിവരം. എന്നാൽ ആദ്യം ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി എന്നാണ് പുറത്തു വന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു 5 കിലോമീറ്റർ അകലെയാണ് സ്ഫോടനം സംഭവിച്ചത്. കനാൽ കരയിലെ കോൺഗ്രസ് ഓഫിസിനു ബോംബെറിഞ്ഞതുൾപ്പെടെ നിരവിധി കേസുകളിൽ പ്രതിയാണ് വിപിൻ രാജ്. വിപിൻ രാജ് ഇപ്പോൾ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
















