ലോകമെമ്പാടും 300 കോടിയിലധികം കളക്ഷൻ നേടുകയും പവൻ കല്യാണിന്റെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറുകയും ചെയ്ത സിനിമയാണ് ‘ഒജി’. ഇപ്പോഴിതാ അതിന്റെ സന്തോഷത്തിൽ ‘ഒജി’ ചിത്രത്തിന്റെ സംവിധായകന് ലാൻഡ് റോവർ ഡിഫൻഡർ സമ്മാനമായി നൽകിയിരിക്കുകയാണ് ആന്ധ്രാപ്രദേശ് ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററും നടനുമായ പവൻ കല്യാൺ.
തനിക്ക് ലഭിച്ചതിൽ ഏറ്റവും മികച്ച സമ്മാനമാണിത്. വാക്കുകൾക്കപ്പുറമാണ് നന്ദിയും കടപ്പാടും. ബാല്യം മുതലുള്ള ആരാധന ഈ നിമിഷവും തുടരുന്നു. പ്രിയപ്പെട്ട ‘ഒജി’ കല്യാൺ ഗാരുവിന്റെ പ്രശംസയും പ്രോത്സാഹനവുമാണ് തനിക്കെല്ലാമെന്നും അദ്ദേഹത്തോട് എക്കാലവും കടപ്പെട്ടിരിക്കുന്നുവെന്നും അർത്ഥമാക്കുന്ന വരികളാണ് സുജീത് പവൻ കല്യാണിനു നന്ദി അറിയിച്ചു കൊണ്ട് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. പുതിയ വാഹനത്തിനും നടനുമൊപ്പമുള്ള ചിത്രങ്ങളും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്.
ലാൻഡ് റോവർ ഡിഫൻഡറിന്റെ വിവിധ വേരിയന്റുകൾക്ക് ഇന്ത്യയിൽ എക്സ് ഷോറൂം വില വരുന്നത് 98 ലക്ഷം രൂപ മുതൽ 2.60 കോടി രൂപ വരെയാണ്. ഡിഫൻഡർ 90,110,130 എന്നീ ബോഡീസ്റ്റൈലുകളിൽ പുറത്തിറങ്ങുന്നതിൽ ഏതാണ് പവൻ കല്യാൺ സുജീത്തിനു നൽകിയതെന്ന് വ്യക്തമല്ല. 3 ലീറ്റർ ഡീസൽ ഹൈബ്രിഡ്, 2 ലീറ്റർ പെട്രോള്‍, 5 ലീറ്റർ പെട്രോള്‍ എന്നീ എൻജിൻ മോഡലുകളിൽ പുതിയ ഡിഫൻഡർ വിപണിയിലുണ്ട്.
















