തൃശൂര്‍: തൃശൂരില്‍ ക്രിസ്തുമസ്-പുതുവത്സര വിൽപ്പന ലക്ഷ്യമിട്ടെത്തിച്ച എല്‍എസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ ആയി. നെതര്‍ലന്‍സില്‍ നിന്ന് കൊറിയര്‍ വഴി എത്തിച്ച അൻപതിലേറെ സ്റ്റാമ്പുകളുമായി തളിക്കുളം സ്വദേശി സംഗീത് (28) ആണ് വാടാനപ്പള്ളി എക്സൈസിന്റെ പിടിയിൽ ആയത്.
തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന ലഹരി മാഫിയയിലെ കണ്ണിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു. അതിമാരകമായ കാലിഫോര്‍ണിയന്‍ സണ്‍ഷൈന്‍ വിഭാഗത്തില്‍ പെടുന്ന ലൈസര്‍ജിക് ആസിഡ് ഡൈതലാമൈഡ് ആണ് പിടിച്ചെടുത്തതെന്നും എക്സൈസ് അറിയിച്ചു. നെതര്‍ലന്‍ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന വന്‍ രാസ ലഹരി മാഫിയയാണ് ഇതിനു പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് എക്സൈസ് പറയുന്നു. തുടര്‍ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
















