യുഎസിലെ ഇല്ലിനോയിസിലെ ഷാംബർഗിൽ ഞെട്ടിപ്പിക്കുന്ന കൊലപാതകം. സ്കിസോഫ്രീനിയ ബാധിതനായ ഇന്ത്യൻ വംശജൻ സ്വന്തം പിതാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. അനുപം പട്ടേൽ (67) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അഭിജിത് പട്ടേലിനെ (28) പോലീസ് അറസ്റ്റ് ചെയ്തു. നവംബർ 29-ന് രാവിലെയാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്.
കൊലപാതകം നടക്കുന്ന സമയത്ത് അനുപം പട്ടേലും മകൻ അഭിജിത്തും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അനുപം പട്ടേലിന്റെ ഭാര്യ രാവിലെ 5:42-ഓടെ ജോലിക്ക് പോയതിന് ശേഷമായിരുന്നു സംഭവം. പ്രമേഹ രോഗിയായ അനുപം വിശ്രമത്തിലായിരുന്നു. അദ്ദേഹത്തിന്റെ ഗ്ലൂക്കോസ് മോണിറ്റർ ഭാര്യയുടെ ഫോണുമായി ബന്ധിപ്പിച്ചിരുന്നു.
പതിവായി രാവിലെ എട്ടുമണിക്ക് ലഭിക്കാറുള്ള രക്തത്തിലെ ഗ്ലൂക്കോസ് അളവ് അന്ന് ലഭിക്കാതിരിക്കുകയും, അളവ് ക്രമാതീതമായി കുറയുന്നത് ശ്രദ്ധയിൽപ്പെടുകയും ചെയ്തതോടെ ഭാര്യ ഭർത്താവിനെയും മകനെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
തുടർന്ന്, ആശങ്കാകുലയായി 10:30-ഓടെ വീട്ടിൽ തിരിച്ചെത്തിയ ഭാര്യ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഭർത്താവിനെയാണ്. കണ്ടയുടൻ തന്നെ അവർ അടിയന്തര രക്ഷാപ്രവർത്തകരെ വിവരമറിയിച്ചു. എന്നാൽ, അപ്പോഴേക്കും അനുപം പട്ടേൽ മരണപ്പെട്ടിരുന്നു. ഭാര്യ വീട്ടിലെത്തിയപ്പോൾ, “ഞാൻ അച്ഛനെ നന്നായി നോക്കിയിട്ടുണ്ട്, പോയി നോക്കിക്കോളൂ” എന്ന് അഭിജിത് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
സംഭവസ്ഥലത്തുനിന്നും പോലീസ് കൊലപാതകത്തിന് ഉപയോഗിച്ച ഒരു ചുറ്റിക കണ്ടെടുത്തു. ഓട്ടോപ്സി റിപ്പോർട്ട് അനുസരിച്ച്, അനുപം പട്ടേലിന്റെ തലയിൽ ആഴത്തിലുള്ള രണ്ട് പ്രഹരങ്ങളേറ്റിട്ടുണ്ട്. ഈ ആക്രമണത്തിൽ തലയോട്ടിക്ക് പൊട്ടലും മൂക്കിന് ഒടിവും സംഭവിച്ചു. പോലീസ് എത്തിയ ഉടൻ തന്നെ അഭിജിത് പട്ടേൽ കീഴടങ്ങുകയായിരുന്നു.
ചോദ്യം ചെയ്യലിൽ, കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിന് ഇരയായെന്നും പിതാവിനെ കൊല്ലേണ്ടത് തന്റെ “മതപരമായ കടമ” ആണെന്നും അഭിജിത് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, ഈ മൊഴി സ്കിസോഫ്രീനിയ രോഗത്തിന്റെ ഭാഗമായുള്ള തോന്നലുകളും മിഥ്യാധാരണകളുമാണെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. തന്നെ ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിക്കുന്നു എന്നതുപോലുള്ള ഇല്ലാത്ത കാര്യങ്ങൾ ഉള്ളതായി തോന്നുന്ന അവസ്ഥ ഈ രോഗികൾക്ക് ഉണ്ടാകാറുണ്ട്. അഭിജിത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.
















