വിഖ്യാത ക്രിക്കറ്റ് താരം വിരാട് കോലിയും അദ്ദേഹത്തിന്റെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമ്മയും സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം നേരിടുന്നു. മുംബൈ വിമാനത്താവളത്തിൽ വെച്ച് സെൽഫിയെടുക്കാൻ ശ്രമിച്ച ഭിന്നശേഷിക്കാരനായ കുട്ടിയെ അവഗണിച്ചു എന്ന ആരോപണത്തെത്തുടർന്നാണ് താരദമ്പതികൾക്കെതിരെ സൈബർ ആക്രമണം ശക്തമായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
രാജസ്ഥാനിലെ വൃന്ദാവൻ ആശ്രമത്തിൽ ആത്മീയഗുരുവായ പ്രേമാനന്ദ് ജി മഹാരാജിനെ സന്ദർശിച്ച ശേഷം മടങ്ങിയെത്തിയതായിരുന്നു കോലിയും അനുഷ്കയും. വിമാനത്താവളത്തിൽ നിന്ന് ഇരുവരും പുറത്തേക്ക് വരുന്നതിനിടെയാണ് സംഭവം. കോലി നടന്നുപോകുന്നതിനിടെ ഒരു ഭിന്നശേഷിക്കാരനായ ആൺകുട്ടി സെൽഫിയെടുക്കാനായി താരത്തിന്റെ അടുത്തേക്ക് ഓടിയെത്തി. എന്നാൽ, സെക്യൂരിറ്റി ഉദ്യോഗസ്ഥർ പെട്ടെന്ന് ഇടപെടുകയും കുട്ടിയെ തള്ളിമാറ്റുകയും ചെയ്യുന്നതായി വീഡിയോയിൽ വ്യക്തമാണ്.
സുരക്ഷാ ഉദ്യോഗസ്ഥർ കുട്ടിയെ തള്ളിമാറ്റുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും വിരാട് കോലി പ്രതികരിക്കുകയോ കുട്ടിയെ തിരിഞ്ഞു നോക്കുകയോ ചെയ്തില്ല. ഇതൊന്നും ശ്രദ്ധിക്കാതെ താരം കാറിലേക്ക് കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. തൊട്ടുപിന്നാലെ അനുഷ്ക ശർമ്മയും സ്ഥലത്തെത്തി കാറിൽ കയറി യാത്രയായി. കുട്ടിയുടെ കൈ കോലിയുടെ ശരീരത്തിൽ തട്ടിയിട്ടും താരം പ്രതികരിക്കാൻ തയ്യാറാകാത്തതിലാണ് പലരും വിമർശനം ഉന്നയിക്കുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ലണ്ടനിലേക്ക് പോയ വിരാട് കോലി, കഴിഞ്ഞ ആഴ്ചയാണ് അനുഷ്കയ്ക്കൊപ്പം ഇന്ത്യയിൽ തിരിച്ചെത്തിയത്. വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് താരമെത്തിയതെന്നാണ് റിപ്പോർട്ടുകൾ.
















