മതനിന്ദ ആരോപിച്ച് ബംഗ്ലാദേശിൽ അന്യമതസ്ഥനായ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന് മൃതദേഹം മരത്തിൽ കെട്ടിയിട്ട് കത്തിച്ചു. രാജ്യത്ത് വീണ്ടും വർധിച്ചുവരുന്ന വർഗീയ അക്രമങ്ങളുടെ ഭീകരമുഖം വെളിവാക്കുന്ന ഈ ക്രൂരകൃത്യം മൈമെൻസിങ് ജില്ലയിലെ ഭാലുകയിലാണ് നടന്നത്. ദീപു ചന്ദ്രദാസ് (30) എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നത്.
വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. പ്രദേശത്തെ വസ്ത്ര നിർമ്മാണ ശാലയിൽ ജോലി ചെയ്തിരുന്ന ദീപു ചന്ദ്രദാസ് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇയാൾ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് പ്രകോപിതരായ ഒരു സംഘം ആളുകൾ പിടികൂടുകയും കൂട്ടമായി മർദ്ദിച്ച് കൊല്ലുകയുമായിരുന്നു. ക്രൂരമായ മർദ്ദനത്തിന് ശേഷം, ആൾക്കൂട്ടം ദീപുവിന്റെ മൃതദേഹം ഒരു മരത്തിൽ കെട്ടിയിട്ട് കത്തിക്കുകയും ചെയ്തു.
സംഭവം അറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. ദീപു ചന്ദ്രദാസിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഈ ദുരന്തവുമായി ബന്ധപ്പെട്ട് ഇതുവരെ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാർ വ്യക്തമാക്കി.
പുതിയ ബംഗ്ലാദേശിൽ ഇത്തരം അക്രമങ്ങൾക്ക് സ്ഥാനമില്ലെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രസ്താവനയിറക്കി. “അക്രമം, ഭീഷണിപ്പെടുത്തൽ, തീവെപ്പ്, ജീവനും സ്വത്തിനും നാശനഷ്ടം എന്നിവയെ ശക്തമായും അർത്ഥവത്തായ രീതിയിലും ബംഗ്ലാദേശ് ഭരണകൂടം അപലപിക്കുന്നു. ഈ ക്രൂരമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ആരെയും വെറുതെ വിടില്ല,” എന്ന് പ്രധാനമന്ത്രിയുടെ പ്രസ് സെക്രട്ടറി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
മതനിന്ദയുടെ പേരിലുള്ള ഈ അരുംകൊലയ്ക്ക് പുറമെ, വിദ്യാർത്ഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെ തുടർന്ന് ബംഗ്ലാദേശിൽ വ്യാപകമായ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഒരാഴ്ച മുമ്പ് തലയ്ക്ക് വെടിയേറ്റ ഹാദി സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
ഹാദിയുടെ മരണാനന്തരം ‘നീതി’ ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ധാക്കയിലും മറ്റ് നഗരങ്ങളിലും തെരുവിലിറങ്ങി. ബംഗ്ലാ ദിനപത്രങ്ങളുടെ ഓഫീസുകൾക്ക് തീയിടുകയും, ഈ വർഷം ഫെബ്രുവരിയിൽ തകർക്കപ്പെട്ട ബംഗ്ലാദേശ് സ്ഥാപകൻ ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ ധാരാമണ്ഡി 32-ലെ വീടിന് വീണ്ടും തീയിടുകയും ചെയ്തത് സ്ഥിതി കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
















