നടനും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ ദുൽഖർ സൽമാൻ. മലയാള സിനിമയ്ക്ക് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയവരിൽ ഒരാളാണെന്നും സിനിമാറ്റിക് ഇതിഹാസമായ മനുഷ്യനാണ് ശ്രീനിവാസനെന്നും ദുൽഖർ ഫേസ്‌ബുക്കിൽ കുറിച്ചു. തന്റെ കുടുംബത്തിന്റെ ഭാഗം തന്നെയാണ് ശ്രീനിവാസനെന്നും ദുൽഖർ പറഞ്ഞു.
ദുല്‍ഖറിന്റെ കുറിപ്പിന്റെ പൂർണരൂപം:
മലയാള സിനിമയ്ക്ക് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയവരിൽ ഒരാൾ. യഥാർത്ഥത്തിൽ സിനിമാറ്റിക് ഇതിഹാസമായ മനുഷ്യൻ. എന്റെ കുടുംബത്തിന്റെ ഭാഗം തന്നെയാണ് ശ്രീനി അങ്കിൾ. അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞതും അനുഗ്രഹമായി കരുതുന്നു. നിങ്ങളുടെ വെളിച്ചം എല്ലാക്കാലവും അണയാതിരിക്കും. വിമല ആന്റിക്കും വിനീതിനും ധ്യാനിനും കുടുംബത്തിനുമായി പ്രാർഥിക്കുന്നു.
ഇന്ന് രാവിലെ 8.30നാണ് ശ്രീനിവാസൻ അന്തരിച്ചത്. ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. നാളെ രാവിലെ 10 മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ മൃതദേഹം സംസ്കരിക്കും.
















