അടത്ത ബന്ധുവിന്റെയും അമ്മയുടെയും ലൈംഗിക ബന്ധവും മാംസക്കച്ചവടവും ഒടുവില്‍ കൊണ്ടെത്തിച്ചത് മരണത്തിലേക്ക്. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള അശോക് നഗറിലായിരുന്നു ഇഷിതയും കുടുംബവും താമസിച്ചിരുന്നത്. അച്ഛന്‍ ഋഷിയും അമ്മ സരിത താക്കൂറുമായിരുന്നു ഇഷിതയുടെ കുടുംബം. അമ്മ സരിത ഒരു ബ്യൂട്ടീഷ്യനായിരുന്നു. മകള്‍ ഇഷിത എയര്‍ ഹോസ്റ്റസാകാന്‍ പഠിക്കുന്നു. 2023 ഡിസംബര്‍ 9നായിരുന്നു ആ ദാരുണ സംഭവം നടന്നത്. ഇഷിത അന്ന് ക്ലാസ്സിലിരിക്കുമ്പോള്‍ അമ്മയുടെ ഫോണില്‍ നിന്നും ഒരു സന്ദേശം വന്നു. ‘ഞാന്‍ അപകടത്തിലാണ്, വീട്ടില്‍ ആരോ അതിക്രമിച്ചു കയറിയിട്ടുണ്ട്, വേഗം വന്ന് എന്നെ രക്ഷിക്കൂ’ എന്നായിരുന്നു ആ സന്ദേശം. എന്നാല്‍ ക്ലാസ്സിലായിരുന്നതിനാല്‍ മൊബൈല്‍ സൈലന്റ് മോഡിലായിരുന്നു. അതിനാല്‍ കോള്‍ വന്നാലും മെസേജ് വന്നാലും അറിയാനാകില്ല.
അതുകൊണ്ടു തന്നെ മെസേജ് വന്നകാര്യം ഇഷിത അറിഞ്ഞതു പോലുമില്ല. ക്ലാസ് കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം മാളിലും പാര്‍ക്കിലും കറങ്ങി വൈകുന്നേരം എട്ടേകാലോടെയാണ് ഇഷിത വീട്ടിലെത്തിയത്. വീട് പുറത്തുനിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. അകത്തുകയറിയ ഇഷിത അമ്മയെ കാണാതായപ്പോള്‍ വീടിനുള്ളില്‍ എല്ലായിടത്തും തിരഞ്ഞു. അവസാനം കിടപ്പുമുറിയില്‍ നോക്കി. അവിടെ കണ്ടകാഴ്ച ഞെട്ടിക്കുന്നതായിരുന്നു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന രണ്ട് മൃതദേഹങ്ങള്‍. ഒന്ന് അമ്മ സരിതയുടേതായിരുന്നു. മറ്റൊന്ന് അവരുടെ ഒരു അടുത്ത ബന്ധുവായ രവി താക്കൂറിന്റേതും. രവി താക്കൂറിന്റെ ശരീരത്തില്‍ വസ്ത്രങ്ങളില്ല. പൂര്‍ണ്ണ നഗ്‌നനായാണ് കിടന്നിരുന്നത്.
ഭയന്നു നിലവിളിച്ചു പോയ ഇഷിത സ്വബോധം വീണ്ടെടുത്ത് വീടിനു പുറത്തേക്കോടി. പുറത്തെത്തിയ ഉടനെ അച്ഛനെ വിവരമറിയിച്ചു. പോലീസും നാട്ടുകാരും സ്ഥലത്തെത്തി. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്നതും, അടുത്തു താമസിക്കുന്നവര്‍ വീട്ടില്‍ നിന്നും നിലവിളി കേള്‍ക്കാത്തതും ദുരൂഹത വര്‍ദ്ധിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. സരിതയോടും ആ ബന്ധുവിനോടും കടുത്ത വൈരാഗ്യമുള്ള ആരോ ആണ് കൊലപാതകം നടത്തിയതെന്ന് പോലീസിന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായി. മൂര്‍ച്ചയുള്ള ആയുധം കൊണ്ടാണ് ഇരുവരും ആക്രമിക്കപ്പെട്ടിരിക്കുന്നത്. സരിതയുടെ ശരീരത്തില്‍ മൂന്ന് മുറിവുകളും, രവിയുടെ ശരീരത്തില്‍ ഇരുപത്തിരണ്ടോളം മുറിവുകളുമുണ്ടായിരുന്നു.
ഇരുവരുടെയും കഴുത്ത് അറുത്താണ് കൊലപ്പെടുത്തിയിരുന്നത്. മോഷണമല്ല ലക്ഷ്യമെന്നും, വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് അനുമാനിച്ചു. കാരണം, ആ വീട്ടില്‍ നിന്നും പണമോ സ്വര്‍ണ്ണമോ അപഹരിക്കപ്പെട്ടിട്ടില്ലായിരുന്നു. കൊല്ലപ്പെട്ട രവി താക്കൂര്‍ (42) എന്ന വ്യക്തിക്ക് സര്‍വാതെ ബസ് സ്റ്റാന്‍ഡിന് സമീപം ‘വൈഷ്‌ണോ ദേവി’ എന്ന പേരില്‍ ഒരു ഹോട്ടല്‍ ഉണ്ടായിരുന്നു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ ഇയാള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. കുറഞ്ഞ ചെലവില്‍ തീര്‍ത്ഥാടന യാത്രകള്‍ സംഘടിപ്പിച്ചിരുന്നു ഇയാള്‍. സരിതയുമായി കഴിഞ്ഞ അഞ്ച് വര്‍ഷമായി അടുപ്പമുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
ഈ ബന്ധത്തെച്ചൊല്ലി ഇരു കുടുംബങ്ങളിലും പ്രശ്‌നങ്ങളുമുണ്ടായിരുന്നു. പ്രശ്‌നം രൂക്ഷമാകുമെന്നു മനസ്സിലായതോടെ ഇരുവരും കുറച്ച് മിതത്വം പാലിച്ചു. എങ്കിലും, പരസ്പര ധാരണയ്ക്ക് കുറവില്ലായിരുന്നു. അതേസമയം, കൊലപാതകം നടന്ന സമയത്ത് 30-35 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയും പുരുഷനും ഓട്ടോയില്‍ കയറി പോകുന്നത് കണ്ടതായി അയല്‍വാസികള്‍ മൊഴി നല്‍കി. കൊല്ലപ്പെട്ടവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ മംമ്ത എന്ന സ്ത്രീയുടെ നമ്പറില്‍ നിന്നും ഇവര്‍ക്ക് കോള്‍ വന്നതായി കണ്ടെത്തി. 32-കാരിയായ മംമ്തയും ഭര്‍ത്താവ് നിതിന്‍ പവാറും (35) പോലീസ് നിരീക്ഷണത്തിലായി. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു.
രവി സംഘടിപ്പിച്ച ഒരു യാത്രക്കിടെയാണ് മംമ്ത സരിതയെ പരിചയപ്പെടുന്നത്. സരിത രവിയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ് മംമ്തയെ രവിയുമായി അടുപ്പിച്ചു. എന്നാല്‍ എട്ട് മാസങ്ങള്‍ക്ക് ശേഷം രവി തനിനിറം പുറത്തെടുത്തു. രഹസ്യമായി പകര്‍ത്തിയ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച്, മറ്റുള്ളവര്‍ക്ക് വഴങ്ങി കൊടുക്കാന്‍ രവി മംമ്തയെ ഭീഷണിപ്പെടുത്തി. സരിതയും രവിയും ചേര്‍ന്ന് നടത്തുന്ന ഒരു കെണിയാണിതെന്ന് മംമ്ത തിരിച്ചറിഞ്ഞു. ഗത്യന്തരമില്ലാതെ മംമ്ത ഭര്‍ത്താവിനോട് കാര്യങ്ങള്‍ തുറന്നു പറയുകയും, രവിയെയും സരിതയെയും കൊലപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു.
?ഡിസംബര്‍ 9-ന് സരിതയുടെ വീട്ടിലെത്തിയ ഇവര്‍ ആദ്യം സരിതയെ കൊലപ്പെടുത്തി.
തുടര്‍ന്ന് രവിയെ വിളിച്ച് സരിതയുടെ വീട്ടിലേക്ക് വരുത്തി. രവി എത്തിയപ്പോള്‍ കണ്ണു കെട്ടി കളിപ്പിക്കാനെന്ന വ്യാജേന വസ്ത്രങ്ങള്‍ അഴിപ്പിച്ച ശേഷം, ഒളിച്ചിരുന്ന നിതിന്‍ ഇയാളെ ആക്രമിച്ചു കൊലപ്പെടുത്തി. ഇഷിതയെക്കൂടി വകവരുത്താന്‍ ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നെങ്കിലും, ആ സമയത്ത് ഇഷിത എത്താതിരുന്നതിനാല്‍ അവര്‍ അവിടെ നിന്നും രക്ഷപ്പെട്ടു. തെളിവുകള്‍ നശിപ്പിക്കാന്‍ രക്തം പുരണ്ട വസ്ത്രങ്ങളും ഫോണുകളും ഇവര്‍ കത്തിച്ചു കളഞ്ഞെങ്കിലും, പോലീസിന്റെ ശാസ്ത്രീയമായ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു.
CONTENT HIGH LIGHTS; Threatened to surrender to others by showing private footage: Cheated woman’s revenge leads to murder; What happened in the double murder in Indore?
















