നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് നടന്‍ സൂര്യ. ഇന്ന് രാവിലെ ശ്രീനിവാസന്‍റെ വീട്ടിലെത്തിയാണ് സൂര്യ അന്ത്യാഞ്ജലി അര്‍പ്പിച്ചത്. കുഞ്ഞുനാള്‍ മുതല്‍ ശ്രീനിവാസന്റെ വലിയ ആരാധകനാണ് താനെന്ന് സൂര്യ പറഞ്ഞു. സിനിമയില്‍ ഞാന്‍ വരുന്നതിന് മുന്‍പേ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ഫോളോ ചെയ്യുന്നുണ്ട്. കൊച്ചിയിലുള്ളപ്പോഴാണ് വിയോഗ വാര്‍ത്ത അറിയുന്നത്. വളരെ വേദനയുണ്ടാക്കി. നേരിട്ട് വീട്ടില്‍ എത്തി കാണണമെന്ന് തോന്നി. അദ്ദേഹത്തിന്റെ സംഭാവനകള്‍, പഠിപ്പിച്ച കാര്യങ്ങള്‍, എഴുത്ത് തുടങ്ങി സിനിമയ്ക്കായി അദ്ദേഹം നല്‍കിയതെല്ലാം എല്ലാക്കാലവും ഓര്‍മിക്കപ്പെടും. ആത്മാവിന് നിത്യശാന്തി നേരുന്നു – സൂര്യ പറഞ്ഞു.
അതേസമയം, ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 10 മണിക്ക് നടക്കും. ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. പ്രിയ ശ്രീനിവാസനെ കാണാൻ നിരവധി ആളുകളാണ് ഒഴുകിയെത്തുന്നത്.
















