കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് 8,722 മാവോയിസ്റ്റുകൾ കീഴടങ്ങിയെന്ന് കേന്ദ്രസർക്കാർ. 509 സുരക്ഷാ ഉദ്യോഗസ്ഥരും 1,511 സാധാരണ ജനങ്ങളും ഇക്കാലയളവിൽ മാവോയിസ്റ്റ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തിനിടെ സുരക്ഷാസേന വധിച്ച മാവോയിസ്റ്റുകളുടെ കണക്ക് കേന്ദ്ര സർക്കാർ പുറത്തുവിട്ടില്ല. രാജ്യത്ത് മാവോയിസ്റ്റ് സാന്നിധ്യം ഉള്ളത് കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങളിൽ.
ഛത്തീസ്ഗഡും ജാർഖണ്ഡും ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ശക്തമായ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. പത്തു വർഷത്തിനിടെ ഏറ്റവും കൂടുതൽ മാവോസ്റ്റുകൾ കീഴടങ്ങിയതും, സുരക്ഷാ ജീവനക്കാരും ജനങ്ങളും കൊല്ലപ്പെട്ടതും ഛത്തീസ്ഗഡിലാണ്. 6193 മാവോയിസ്റ്റുകൾ കീഴടങ്ങി, 381 സുരക്ഷാ ജീവനക്കാരും 748 സാധാരണ ജനങ്ങളും ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ജാർഖണ്ഡിൽ 257 മാവോയിസ്റ്റുകൾ കീഴടങ്ങിയപ്പോൾ , 60 പട്ടാളക്കാരും ,373 സാധാരണക്കാരും കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിൽ 305 മാവോയിസ്റ്റുകൾ കീഴടങ്ങിയപ്പോൾ 28 സുരക്ഷാ ജീവനക്കാരും 111 സാധാരണ ജനങ്ങളും കൊല്ലപ്പെട്ടു. ഒഡീഷയിൽ 277 മാവോയിസ്റ്റുകൾ കീഴടങ്ങി. 22 സുരക്ഷ ഉദ്യോഗസ്ഥരും 115 സാധാരണക്കാരും മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. തെലങ്കാനയിൽ 770 മാവോയിസ്റ്റുകൾ കീഴടങ്ങി.ഒരു സുരക്ഷാ ജീവനക്കാരനും 15 ആളുകളും കൊല്ലപ്പെട്ടു. ആന്ധ്ര പ്രദേശിൽ 755 മാവോയിസ്റ്റുകൾ കീഴടങ്ങിയപ്പോൾ 35 സാധാരണക്കാർക്കും ഒരു സുരക്ഷാ ജീവനക്കാരനും ജീവൻ നഷ്ടമായി.
ബിഹാറിൽ 127 മാവോയിസ്റ്റുകൾ പത്തുവർഷത്തിനുള്ളിൽ കീഴടങ്ങി.17 സുരക്ഷാ ജീവനക്കാരും 99 സാധാരണക്കാരും മാവോയിസ്റ്റ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.പശ്ചിമ ബംഗാളിൽ 16 മാവോയിസ്റ്റുകൾ കീഴടങ്ങി.മധ്യപ്രദേശിൽ 15 സാധാരണക്കാർ കൊല്ലപ്പെട്ടു.2017 ലും 21 ലുമായി കേരളത്തിലും രണ്ടു മാവോയിസ്റ്റുകൾ കീഴടങ്ങിയിട്ടുണ്ട്. ഛത്തീസ്ഗഡിലെ 13 ജില്ലകൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ 38 ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ട്.മാവോയിസ്റ്റ് പ്രതിരോധത്തിനായി കേന്ദ്രസർക്കാർ 1657.61 കോടി രൂപ ചെലവഴിച്ചു.
ആയുധം താഴെ വയ്ക്കാൻ 2026 ഫെബ്രുവരി 15 വരെയാണ് മാവോയിസ്റ്റുകൾ കേന്ദ്രസർക്കാരിനോട് സമയം തേടിയിരിക്കുന്നത്. 8700 ഓളം മാവോയിസ്റ്റുകൾ കഴിഞ്ഞ പത്തു വർഷത്തിനിടെ കീഴടങ്ങി,509 സുരക്ഷാ ഉദ്യോഗസ്ഥരും, 1511 സാധാരണ ജനങ്ങളും മാവോയിസ്റ്റ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന കേന്ദ്രസർക്കാർ പക്ഷേ സുരക്ഷാസേന വധിച്ച മാവോയിസ്റ്റുകളുടെ വിവരം പുറത്തുവിടുന്നില്ലെന്നതും ശ്രദ്ധേയം.
Story Highlights : 8,722 Maoists surrendered in 10 years
















