വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് – ബിജെപി ക്രിമിനലുകളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതികൾ ആരെന്ന് പകൽ പോലെ വ്യക്തമായിട്ടും മാധ്യമങ്ങൾ ഈ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന അക്രമിരാഷ്ട്രീയം കേരളത്തിലേക്കും വ്യാപിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേസ് അതീവ ഗൗരവത്തോടെയും സത്യസന്ധമായും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മതനിരപേക്ഷ മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന കേരളീയ സമൂഹത്തിന് ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാനാവില്ല. വർഗീയ ശക്തികളുടെ ഇത്തരം കടന്നുകയറ്റങ്ങൾക്കെതിരെ കേരളം ഒറ്റക്കെട്ടായി നിലനിൽക്കണമെന്നും എം വി ഗോവിന്ദൻ ആഹ്വാനം ചെയ്തു.
















