വായുമലിനീകരണം അതിരൂക്ഷമായ ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്. വിമാന സർവീസുകളെ ബാധിക്കാനിടയുണ്ടെന്ന് ഡൽഹി വിമാനത്താവളം മുന്നറിയിപ്പ് നൽകി. ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് രാവിലെ ദൃശ്യപരിധി 50 മീറ്റർ മാത്രമായിരുന്നു.
ഡൽഹിയിലെ 27 കാലാവസ്ഥാ സ്റ്റേഷനുകളിൽ വായു ഗുണനിലവാര ഇൻഡക്സ് (എക്യുഐ) 400ന് മുകളിലെത്തി. കനത്ത മൂടൽമഞ്ഞ് വിമാന സർവിസുകളെ ബാധിക്കുമെന്നും സർവീസ് റദ്ദാക്കലുകൾക്കും വൈകലിനും സാധ്യതയുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
ഡൽഹി കൂടാതെ ഉത്തരേന്ത്യയിൽ പലയിടങ്ങളിലും കനത്ത മൂടൽമഞ്ഞുണ്ട്. പ്രയാഗ്രാജ്, അയോധ്യ, പാന്ത്നഗർ വിമാനത്താവളങ്ങളിലെ മൂടൽമഞ്ഞ് കാരണം സർവീസുകൾ തടസം നേരിടാൻ സാധ്യതയുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു.
















