മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണിയുടെ പ്രതീകാത്മക മോക്ക് ഇംപീച്ച്മെന്റ് ഇന്ന് നടക്കും. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ രാജാജി മാർഗിലെ ഔദ്യോഗിക വസതിയിൽ പാർലമെന്റ് മാതൃകയിലാണ് പ്രതീകാത്മക പരസ്യവിചാരണ സംഘടിപ്പിച്ചിരിക്കുന്നത്.
ലോക്സഭ മുൻ സ്പീക്കർ മീരാകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മല്ലികാർജുൻ ഖാർഗെ ഇംപീച്ച് പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷ എംപിമാരും നേതാക്കൾക്കും പുറമെ മുൻ സുപ്രീം കോടതി ജഡ്ജിമാർ, നിയമവിദഗ്ധർ, സാമൂഹിക പ്രവർത്തകർ, വിദ്യാർത്ഥി നേതാക്കൾ എന്നിവരും പങ്കെടുക്കും. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രമേയത്തിന് മറുപടി നൽകും. തുടർന്ന് വോട്ടെടുപ്പിലൂടെ ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി ഇന്ത്യാ മുന്നണി പ്രഖ്യാപിക്കും.
നവംബർ ഒന്നിന് രാംലീല മൈതാനിയിൽ നടക്കുന്ന മഹാറാലിയുടെ അവസാന ഘട്ട ഒരുക്കങ്ങൾ കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാലും നേരിട്ടെത്തി വിലയിരുത്തി. സുരക്ഷയുടെ ഭാഗമായി മൂവായിരത്തോളം പൊലീസുകാരെയും പതിനായിരത്തോളം അർധസൈനികരെയും വിന്യസിക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നുണ്ട്. എന്നാൽ സമരവേദി മാറ്റണമെന്നാവശ്യപ്പെട്ട് വ്യാപാരി സംഘടനകൾ പ്രതിഷേധം തുടരുന്നുണ്ട്.
ഡല്‍ഹിയിലെ പരസ്യ വിചാരണയില്‍ അഭിജീത് ദീപ്കെ അടക്കമുള്ള സിജെപി പ്രതിനിധികളും പങ്കെടുക്കുമെന്നാണ് സൂചന. രാംലീല മൈതാനത്തില്‍ നടക്കുന്ന മഹാറാലിക്ക് സിജെപി പിന്തുണ പ്രഖ്യാപിച്ചിരുന്നു.















