ശബരിമല മിൽമ നെയ് ക്രമക്കേട് കേസ് പ്രതികൾ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്ന് വിജിലൻസ് റിമാൻഡ് റിപ്പോർട്ട്. 28 ലോഡ് നെയ്യിൽ 3 ലോഡ് നെയ്യ് തമിഴ്നാട്ടിലേക്ക് കടത്തി. ക്രമക്കേടിൽ ലാഭവിഹിതമായി തിരുവനന്തപുരം സ്വദേശി ജയലാൽ 15 ലക്ഷം രൂപ തിരുവനന്തപുരത്ത് വെച്ച് കൈപ്പറ്റിയെന്നും റിമാൻഡ് റിപ്പോർട്ട്. റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.
നെയ് ക്രമക്കേടിൽ അറസ്റ്റിലായ ജയലാലിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ദേവസ്വം ജീവനക്കാരനായ ജയലാലിനായിരുന്നു സ്റ്റോറിന്റെ ചുമതല. എസ് എസ് ബിനുവിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജയലാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ ട്രാൻസ്‌പോർട്ടേഷൻ കരാറുകാരനായ എസ് എസ് ബിനുവിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ദിവസത്തെ വിജിലൻസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ എസ് എസ് ബിനുവിനെയും തിരികെ ജയിലിലേക്ക് വിട്ടു.
ബിനുവിനെ കസ്റ്റഡിയിൽ ലഭിച്ചു ചോദ്യം ചെയ്തതിൽ നിന്നാണ് ജയലാലിന്റെ ഇടപെടലുകൾ സംബന്ധിച്ച വിവരം വിജിലൻസിന് ലഭിക്കുന്നത്. മിൽമയുടെ പത്തനംതിട്ട ഡയറിയിൽ നിന്ന് 11,040 കിലോ ഗ്രാം നെയ്യ് സന്നിധാനത്തേക്ക് എത്തിക്കാനായി കൈപ്പറ്റി ഈ നെയ് തമിഴ്‌നാട്ടിലെ ഏജൻസികൾക്ക് മറിച്ചു വിറ്റുവെന്നും, പകരം നിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിച്ചെന്നുമാണ് വിജിലൻസ് കണ്ടെത്തൽ. ജയലാൽ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.















