ഗതാഗതമന്ത്രി ഗണേഷ്‌കുമാറിന് ഇപ്പോള്‍ കുറച്ച് നിലയും വിലയുമൊക്കെ വന്നിട്ടുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല, KSRTCയെ റെക്കോര്‍ഡ് വരുമാനത്തില്‍ എത്തിച്ചതിന്റെ നിലയും വിലയുമാണ്. എന്നാല്‍, ആ നിലയും വിലയും നേടാന്‍, കാളകളെപ്പോലെ പണിയെടുത്ത ഒരു കൂട്ടരുണ്ട്. ജീവനക്കാര്‍. അവരുടെ കാര്യങ്ങളെല്ലാം പാതിവഴിയിലാണ്. ശമ്പളമാത്രം കിട്ടുന്നുണ്ട്. അതും ഒന്നിനും മൂന്നിനും ഇടയില്‍. പെന്‍ഷന്‍കാരുടെ കാര്യം വേറെ കിടക്കുന്നു. വരാനിരിക്കുന്ന 2026ല്‍ KSRTC ജവനക്കാര്‍ക്ക് നല്ലകാലം ഉണ്ടാകുമോ എന്നാണ് ആശങ്ക. ചോദിക്കാനുള്ളത് ഇത്രമാത്രം. തൊഴിലാളികളുടെ തടഞ്ഞുവെച്ചിട്ടുള്ളതും വര്‍ഷങ്ങളായി കുടിശികയാക്കിയതുമാ DA കള്‍, നൈറ്റ് അലവന്‍സ്, ഷൂ അലവന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ കൊടുക്കാന്‍ കഴിയുമോ.
കാളകളെ പോലെ ഭയപ്പെടുത്തിയും മെരുക്കിയും പണിയെടുപ്പിച്ച എംപാനലായി നിലനിര്‍ത്തിയിരുന്ന തൊഴിലാളികള്‍ക്ക് യാതൊരു ആനുകൂല്യവും കൊടുക്കാതെ പിരിച്ചു വിട്ടു. പിന്നീട് ദുരിത ജീവിതത്തിന്റെ ഗതികേട് മുതലാക്കി വീണ്ടും ബദലി എന്ന പുതിയ തുച്ഛവേതന പണിക്കാരായി കൂട്ടി ‘ഇരട്ടിപണിക്ക് പകുതി കൂലി’ എന്ന കോര്‍പറേറ്റ് രീതി നടപ്പാക്കി പീഡിപ്പിച്ചു. 20 മുതല്‍ 35 വര്‍ഷം വരെ സര്‍വീസുള്ള വിരമിച്ച രോഗികളായ വയോവൃദ്ധന്മാര്‍ക്ക് പതിനാലു വര്‍ഷമായി ഒരു രൂപയുടെ പോലും വര്‍ധനവോ മറ്റു യാതൊരു പരിഗണനയും ആനുകൂല്യവും കൊടുക്കുന്നില്ല. ഇവരെയെല്ലാം ദുരിത ജീവിതത്തിലേക്ക് തള്ളിവിട്ട് നടത്തുന്ന ഭരണം കൊണ്ട് എത്ര വരുമാനമുണ്ടാക്കിയാലും ആര്‍ക്കും യാതൊന്നും വിട്ടുകൊടുക്കില്ല എന്നരീതി മാറുമെന്ന് പ്രതീക്ഷിക്കാമോ എന്നാണ് KSRTC വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ ചോദ്യം.
ചോദ്യങ്ങളിങ്ങനെ നിരവധിയുണ്ട്. എന്നാല്‍, കര്‍ണ്ണപടങ്ങളില്‍ പഞ്ഞിതിരുകിയപോലെ പൊട്ടന്‍ കൡച്ചു നടക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അത് മനസ്സിലാകില്ല. KSRTCയില്‍ യാത്ര ചെയ്യാന്‍ കയറുന്ന യാത്രക്കാരാണ് യജമാനന്‍മാര്‍ എന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍, അവര്‍ സുരക്ഷിതമായി എത്തിക്കുന്ന ഡ്രൈവറും കണ്ടക്ടറും ആരാണ് എന്നുകൂടി പറയേണ്ടതുണ്ട്. അവരും മനുഷ്യരാണ്. അവര്‍ക്കും ജീവിതവും കുടുംബവുമൊക്കെയുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമ്പോഴാണ് KSRTC കൂടുതല്‍ ഊര്‍ജ്വസ്വലതയോടെ മുന്നേറുന്നത്. പി.എസ്.സി ടെസ്റ്റ് എഴുതി ജോലിക്കു കയറിയവര്‍ക്കു പോലും അടിമപ്പണി ചെയ്യേണ്ട അവസ്ഥയുണ്ടാകുന്ന ഇടം കൂടിയാണ് KSRTC എന്നാണ് ജീവനക്കാരുടെ രോദനം.
തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഔദാര്യമല്ല, അവകാശമാണെന്ന് മൈക്കുകെട്ടി പറയുന്ന ഇടതുപക്ഷമാണ് KSRTC ജീവനക്കാരുടെ വിഷമം കാണാതെ പോകുന്നത്. ശമ്പളം നല്‍കിയാല്‍ തീരുന്ന പ്രശ്‌നമേ KSRTCയില്‍ ഉള്ളൂവെന്നും, അതിനു പോലും കഴിയാത്ത ഒരു സ്ഥിതിയായിരുന്നു ഉണ്ടായിരുന്നതെന്നുമുള്ള പശ്ചാത്തലം ഒരുക്കിവെച്ചാണ് സര്‍ക്കാരും വകുപ്പുമന്ത്രിമാരും മുന്നോട്ടു പോയിരുന്നത്. എന്നാല്‍, ടിക്കറ്റ് വരുമാനവും, ടിക്കറ്റിതര വരുമാനവും ചെലവുകളും പരിശോധിച്ചാല്‍ KSRTCക്ക് വലിയ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മനസ്സിലാകുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. പക്ഷെ, എങ്കിലും സര്‍ക്കാരിനും മാനേജ്‌മെന്റിനും KSRTC എപ്പോഴും ബാധ്യതയായി തുടരും. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനുള്ള കഷ്ടപ്പാടിലാണ് KSRTCയും സര്‍ക്കാരുമെന്ന് പറഞ്ഞുകൊണ്ടേയിരിക്കും.
ശമ്പളത്തിനും പെന്‍ഷനുമായി അനുവദിക്കുന്ന തുകയുടെ കണക്കുകള്‍ ധനമന്ത്രി വിളിച്ചു പറയും. മറ്റു വകുപ്പുകളില്‍ കൃത്യമായി കണക്കു പറയാതെ, വിളിച്ചു ചൊല്ലാതെ ശമ്പളം അക്കൗണ്ടുകളില്‍ ഇടും. എത്രകോടി കളക്ഷന്‍ വരുത്തിയാലും, അത് എത്രകാലം തുടര്‍ന്നാലും കേരളത്തില്‍ നിലനിന്നിരുന്ന ജാതി പിരമിഡുപോലെ KSRTC എന്നും താഴേത്തട്ടില്‍ തന്നെയാണ്. സ്വന്തമായി ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം മാറിമാറിവന്ന സര്‍ക്കാരുകളുടെ ചവിട്ടിത്താഴ്ത്തലുകളും, ദുരുപയോഗവും കൊണ്ട് നടുവുകുനിഞ്ഞുപോയ KSRTC. അതില്‍ ജോലി ചെയ്യുന്നവര്‍ക്ക് നീതിയുമില്ല. നിലനില്‍പ്പുമില്ല. നോക്കൂ, ടിക്കറ്റ് വരുമാനത്തില്‍ റെക്കോര്‍ഡിട്ടപ്പോള്‍ അതിന്റെ ക്രെഡിറ്റ് വകുപ്പുമന്ത്രിക്ക്.
KSRTCക്ക് വരുമാനം കൂട്ടാന്‍ രാവും പകലും ഓടിയവര്‍-അതിനിടയില്‍ വീണുപോയവര്‍-മരണപ്പെട്ടവര്‍. അവരുടെ കുടംബങ്ങള്‍. അങ്ങനെ നിരവധി പേരുടെ കഠിന പ്രയത്‌നത്തിന്റെ ബാക്കി പത്രമാണ് പത്തുകോടി എന്ന ടിക്കറ്റ് വരുമാന റെക്കോര്‍ഡ്. ഇനിയെങ്കിലും KSRTC ജീവനക്കാര്‍ക്ക് കിട്ടാനുള്ളതും, കൊടുക്കാനുള്ളതുമായ ആനുകൂല്യങ്ങള്‍ മന്ത്രി ഗണേഷ്‌കുമാര്‍ കൊടുക്കാന്‍ തയ്യാറാകണം. കാരണം, ഈ മന്ത്രിസഭയുടെ കാലാവധി കഴിയാന്‍ ഇനി വളരെ കുറച്ചു മാസങ്ങളേയുള്ളൂ. ഫെബ്രുവരി അവസാനത്തോടെ ഇടക്കാല ബജറ്റുണ്ടാകും. മാര്‍ച്ച് അവസാനത്തോടെ സാമ്പത്തിക വര്‍ഷം കഴിയും. പിന്നെ, തെരഞ്ഞെടുപ്പു കാലമാണ്. അടുത്ത സര്‍ക്കാര്‍ ഇടതുപക്ഷമാകുമെന്ന പ്രതീക്ഷയില്ല.
അഥവാ മൂന്നാം ടേമും ഇടതുപക്ഷമായാല്‍ KSRTC മന്ത്രി ഗണേഷ്‌കുമാര്‍ തന്നെയാകണമെന്നില്ല. അതുകൊണ്ട് താങ്കള്‍ മന്ത്രിയായിരിക്കുമ്പോള്‍ KSRTCയിലെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മുഴുവന്‍ കൊടുത്തു തീര്‍ക്കക്കുകയാണ് വേണ്ടത്. നാളത്തെ രാഷ്ട്രീയം നോക്കിയല്ല, ഇന്നത്തെ ജീവനക്കാരുട അവസ്ഥ നോക്കി വേണം തീരുമാനമെടുക്കാന്‍. അവര്‍ വരും മാസങ്ങളിലും KSRTCയുടെ വരുമാനം വര്‍ദ്ധിപ്പിക്കാനേ ശ്രമിക്കൂ എന്നുറപ്പാണ്. പക്ഷെ, അര്‍ഹിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
CONTENT HIGH LIGHTS; KSRTC’s revenue is increasing, how will it provide all the benefits?: It’s not enough to make people work like bulls and make crores; Will Christmas and New Year be sad?
















