ക്രിസ്മസ് ദിനത്തിൽ ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് കരുണയുടെയും കരുതലിന്റെയും സന്ദേശം നൽകി ലിയോ പതിനാലാമൻ മാർപാപ്പ. ദരിദ്രരെയും അപരിചിതരെയും സഹായിക്കണമെന്നും അവരെ തള്ളിക്കളയുന്നത് ദൈവത്തെ തള്ളിക്കളയുന്നതിന് തുല്യമാണെന്നും മാർപാപ്പ ഓർമ്മിപ്പിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ക്രിസ്മസ് ദിവ്യബലി അർപ്പിച്ചുകൊണ്ട് വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സഹായം ആവശ്യമുള്ളവരെ സഹായിക്കാത്തത് ദൈവത്തെ നിരസിക്കുന്നതിനു തുല്യമാണെന്ന് മാര്‍പാപ്പ പറഞ്ഞു. യേശുവിന്റെ ജനനത്തിലൂടെ ഓരോ വ്യക്തിയിലുമുള്ള ദൈവസാന്നിധ്യം തെളിയിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ പാതിരാ കുർബാനയും പ്രാർത്ഥനകളും നടന്നു. ആയിരക്കണക്കിന് വിശ്വാസികൾ പ്രാർഥനയിൽ പങ്കാളികളായി. അർദ്ധരാത്രി തുടങ്ങിയ ചടങ്ങുകൾ ഇന്നു പുലർച്ചെ വരെ നീണ്ടു.
ഇന്നും വിവിധ ദേവാലയങ്ങളിൽ പ്രാർത്ഥന നടക്കും. പള്ളികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ കരോൾ സർവീസുകളും സംഘടിപ്പിച്ചു. സാഹോദര്യത്തിന്റെ ജീവിതാനുഭവം പങ്കുവയ്‌ക്കുന്ന പുണ്യദിനത്തെ ആഘോഷമാക്കുകയാണ് നാട്. ജീവിതചുറ്റുപാടിന് കൂടുതൽ പ്രതീക്ഷ നൽകുന്ന നാളുകൾകൂടിയാണ് ഇൗ ക്രിസ്മസ്.
















