ക്രിസ്മസ് തലേന്നുള്ള രാത്രിയിൽ തൃശ്ശൂർ അന്തിക്കാട് ഉണ്ടായ ബൈക്ക് അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മുറ്റിച്ചൂർ റോഡിൽ പുത്തൻപീടികക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ബുള്ളറ്റ് ബൈക്ക് മതിലിൽ ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചത്.
ക്രിസ്മസ് തലേന്ന് രാത്രി ഏകദേശം 12:30 ഓടെയായിരുന്നു അപകടം. അന്തിക്കാട് സ്വദേശി ചിരിയങ്കണ്ടത്ത് റിറ്റ്സ് (32) ആണ് മരണപ്പെട്ടത്. അന്തിക്കാട് അഞ്ചാം വാർഡ് സിപിഐ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയായ അറക്ക വീട്ടിൽ സഹീർ (16), അന്തിക്കാട് സ്വദേശി മടയങ്ങാട്ടിൽ സ്വാലിഹ് (17) എന്നിവർക്കാണ് പരിക്കേറ്റത്.
അപകടത്തെ തുടർന്ന് പരിക്കേറ്റവരെ ഉടൻ തന്നെ പെരിങ്ങോട്ടുകര സർവ്വതോദദ്രം ആംബുലൻസ് പ്രവർത്തകരാണ് ഒളരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ റിറ്റ്സിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. പരിക്കേറ്റ മറ്റ് രണ്ടുപേർ ചികിത്സയിലാണ്.
അമിത വേഗത്തിലെത്തിയ ബുള്ളറ്റ് ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് അന്തിക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















