ചരിത്രത്തിന്റെയും ആത്മീയതയുടെയും സംഗമഭൂമിയാണ് അമൃത്സർ. ഇന്ത്യയുടെ അഭിമാനമായ സുവർണ്ണക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെ ആണ്. സുവർണ്ണ നഗരമെന്ന് വിളിക്കുന്ന ‘അമൃത്സർ’ സിഖ് മതവിശ്വാസികളുടെ പുണ്യ സ്ഥലം കൂടിയാണ്.
നമ്മുടെ സൗകര്യത്തിന് അനുസരിച്ച് വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും അമൃത്സറിലേക്ക് രണ്ടോ മൂന്നോ ദിവസത്തേക്കുള്ള യാത്ര സാധ്യമാണ്. ബജറ്റ് ട്രാവലാണ് ലക്ഷ്യമെങ്കില്‍ ഏതൊരു യാത്രയും പോലെ അമൃത്സര്‍ യാത്രക്കും പ്ലാനിങ് ഒരുപാട് ഗുണം ചെയ്യും. അമൃത്സര്‍ യാത്രക്ക് മുമ്പേ എന്തൊക്കെ ശ്രദ്ധിക്കണം? എവിടെയൊക്കെ പണം ചിലവാക്കണം?
സമയം
അമൃത്സര്‍ യാത്രക്കും അതിന്റേതായ സമയമുണ്ട്. സീസണോട് ചേര്‍ന്നു നില്‍ക്കുന്ന ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് അമൃത്സറിലേക്കു പോയാല്‍ വലിയ തിരക്കും ചിലവുമില്ലാതെ നല്ല കാലാവസ്ഥയില്‍ യാത്ര പൂര്‍ത്തിയാക്കാനാവും. ഈ സമയത്ത് താമസ, യാത്രാ ചെലവുകള്‍ പൊതുവേ കുറവായിരിക്കും. തിരക്കും കുറവായിരിക്കും.
∙എങ്ങനെ പോകാം?
അമൃത്സറിലേക്ക് എത്താനുള്ള ഏറ്റവും ബജറ്റ് ഫ്രണ്ട്‌ലിയായ മാര്‍ഗം ട്രെയിനാണ്. കൊച്ചിയില്‍ നിന്നും 1000-1200 രൂപയാണ് സ്ലീപ്പര്‍ ടിക്കറ്റിന് വരിക. എസിയാണെങ്കില്‍ 2700ത്തിന് മുകളിലേക്കു വരും. ഇനി വിമാനമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ 12,000- 14,000 രൂപ വരും. ഒന്നോ രണ്ടോ മാസം മുൻപ് ബുക്ക് ചെയ്താല്‍ ടിക്കറ്റ് നിരക്കില്‍ കുറഞ്ഞത് 3,000 രൂപയുടെ കുറവ് ലഭിക്കുകയും ചെയ്യും.
∙ഹോം സ്‌റ്റേകളും ബജറ്റ് ഹോട്ടലുകളും
നിരവധി സഞ്ചാരികള്‍ വന്നു പോകുന്ന സ്ഥലമാണ് അമൃത്സര്‍. അതുകൊണ്ടുതന്നെ നിരവധി ബജറ്റ് ഫ്രണ്ട്‌ലി ഹോട്ടലുകളും ഹോം സ്‌റ്റേകളും ഇവിടെയുണ്ട്. ഗോള്‍ഡന്‍ ടെംപിളിനും ഹാള്‍ ബസാറിനും അടുത്തായി ഇത്തരം നിരവധി താമസസ്ഥലങ്ങളുണ്ട്. 700 രൂപ മുതല്‍ 1200 രൂപ വരെയാണ് ഇവിടെ ഒരു രാത്രി താമസത്തിന് ചെലവു വരിക. രണ്ടു രാത്രിയായാല്‍ 1500-3000 രൂപവരെ പ്രതീക്ഷിക്കാം. പലയിടത്തും സൗജന്യ ബ്രേക്ക് ഫാസ്റ്റ് സൗകര്യവുമുണ്ടാവും.
∙ഡാബയിലെ ഭക്ഷണം
അമൃത്സറിലേക്കുള്ള യാത്രക്കിടെ ഒഴിവാക്കാനാവാത്തതാണ് പഞ്ചാബി ഡാബകളിലെ ഭക്ഷണം. തനത് പഞ്ചാബി ഭക്ഷണങ്ങള്‍ ലഭിക്കുന്ന നിരവധി ഡാബകള്‍ ഇവിടെയുണ്ട്. അമൃത്സരി കുല്‍ച, ചോലെ, ലസ്സി ഇതൊക്കെ ചേര്‍ന്ന ഭക്ഷണത്തിന് 100-300 രൂപയാണ് വരിക. മൂന്നു ദിവസത്തെ ഭക്ഷണത്തിന് ഒരാള്‍ക്ക് 1000-1500 രൂപ ചെലവ് വന്നേക്കും. ഗോള്‍ഡന്‍ ടെംപിള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടുത്തെ സൗജന്യ ഭക്ഷണമായ ലാന്‍ഗര്‍ ഒഴിവാക്കരുത്. അതൊരു അനുഭവമാണ്.
∙ടിക്കറ്റും പൊതുഗതാഗതവും
അമൃത്സറിലെ പ്രധാന ആകര്‍ഷണങ്ങള്‍ക്ക് വലിയ പ്രവേശന ഫീസൊന്നുമില്ല. ഗോള്‍ഡന്‍ ടെംപിള്‍ 24 മണിക്കൂറും തുറന്നു കിടക്കുന്ന ദശലക്ഷങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്ന സിഖുകാരുടെ ആത്മീയ കേന്ദ്രമാണ്. ജാലിയന്‍ വാലാബാഗിലേക്കും വാഗ ബോര്‍ഡറിലേക്കും പോവാനുള്ള യാത്രാക്കൂലി മാത്രമേ വരൂ. പാര്‍ട്ടീഷന്‍ മ്യൂസിയത്തിലേക്ക് ടിക്കറ്റിന് 10-50 രൂപയാണ് വരിക.
യാത്രയ്ക്കായി സ്വകാര്യ കാറുകളെ ആശ്രയിക്കാതെ ഓട്ടോകളേയും സൈക്കിള്‍ റിക്ഷാകളേയും ആശ്രയിച്ചാല്‍ ചെലവ് കുറയ്ക്കാനാവും. ഷെയേഡ് ടാക്‌സികളും ലോക്കല്‍ ഓട്ടത്തിന് ഉപകരിക്കും. വാഗ ബോര്‍ഡറിലേക്ക് ഷെയേഡ് ടാക്‌സിയിലാണെങ്കില്‍ 150-200 രൂപയേ വരൂ. പൊതുഗതാഗതത്തെ ആശ്രയിച്ചാല്‍ അത്രയും പോലും വരില്ല.
∙ സ്മാര്‍ട്ട് ഷോപ്പിങ്
ഷോപ്പിങാണ് മറ്റൊരു പോക്കറ്റ് കാലിയാക്കാനിടയുള്ള കാര്യം. യാത്രകളിലെ ഷോപ്പിങ് അല്‍പം ശ്രദ്ധയോടെ നടത്തിയാല്‍ അതും വരുതിയിലാക്കാം. അമൃത്സര്‍ വര്‍ണാഭമായ ഫുല്‍ക്കരി തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും പ്രസിദ്ധമാണ്. കൃത്യമായ ബജറ്റില്‍ ഒതുക്കിക്കൊണ്ട് ഷോപ്പിങ് നടത്തിയാല്‍ ഇവിടെയും അധിക ചെലവ് ഒഴിവാക്കാം. ഹാള്‍ ബസാറിലും കത്ത്ര ജെയ്മാള്‍ സിങിലുമെല്ലാം വിലപേശാനും മടിക്കരുത്.
















