ഒഡീഷയിലെ കന്ധമാൽ-ഗഞ്ചം ജില്ലാ അതിർത്തികളിൽ സുരക്ഷാസേന നടത്തിയ നിർണ്ണായക നീക്കത്തിൽ, സിപിഐ (മാവോയിസ്റ്റ്) സെൻട്രൽ കമ്മിറ്റി അംഗവും മുതിർന്ന കമാൻഡറുമായ ഗണേഷ് ഉയ്ക്കേയ് (69) അടക്കം നാല് മാവോവാദികൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെയോടെ റാംപ വനമേഖലയിൽ നടന്ന ശക്തമായ ഏറ്റുമുട്ടലിനൊടുവിലാണ് മാവോവാദി സംഘത്തിന് കനത്ത പ്രഹരമേൽപ്പിച്ചത്.
ബിഎസ്എഫും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് രാജ്യത്തെ ഉന്നത മാവോവാദി നേതാക്കളിലൊരാളായ ഗണേഷ് ഉയ്ക്കേയ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട നാല് പേരിൽ രണ്ട് പേർ സ്ത്രീകളാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രദേശത്ത് മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് റാംപ വനമേഖലയിൽ പ്രവേശിച്ച സുരക്ഷാസേനയ്ക്ക് നേരെ സായുധരായ മാവോവാദി സംഘം വെടിയുതിർക്കുകയായിരുന്നു. ഇതിന് പിന്നാലെ നടന്ന രൂക്ഷമായ വെടിവയ്പ്പിൽ മാവോവാദികൾക്ക് വലിയ ആൾനാശമുണ്ടായി.
ഏറ്റുമുട്ടലിന് ശേഷം സുരക്ഷാസേന നടത്തിയ വിശദമായ പരിശോധനയിലാണ് ഗണേഷ് ഉയ്ക്കേയ് ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സിപിഐ (മാവോയിസ്റ്റി)ന്റെ ഒഡീഷയിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന പ്രധാന നേതാവായിരുന്നു ഗണേഷ്. 1.1 കോടി രൂപ ഇനാം പ്രഖ്യാപിക്കപ്പെട്ടിരുന്ന ഇദ്ദേഹം, സിപിഐ (മാവോയിസ്റ്റ്) സെൻട്രൽ കമ്മിറ്റിയിൽ അവശേഷിച്ചിരുന്ന ചുരുക്കം ചില മുതിർന്ന നേതാക്കളിൽ ഒരാളാണ്.
തെലങ്കാനയിലെ നൽക്കൊണ്ട സ്വദേശിയായ ഗണേഷ് കഴിഞ്ഞ 40 വർഷമായി മാവോവാദി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മാവോവാദികളുടെ കേന്ദ്ര നേതൃത്വത്തിനും പ്രാദേശിക നേതൃത്വങ്ങൾക്കും ഇടയിലുള്ള പ്രധാന കണ്ണിയായിരുന്നു ഇയാൾ. കൂടാതെ, മാവോവാദികളുടെ ദണ്ഡകാരണ്യ സ്പെഷ്യൽ സോൺ കമ്മിറ്റിയിലും നിർണായക പങ്ക് വഹിച്ചിരുന്നു. മേഖലയിലെ നിരവധി മാവോവാദി ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനായിരുന്നു ഗണേഷ് ഉയ്ക്കേയ് എന്നും അധികൃതർ അറിയിച്ചു.
















