ഇന്നലെ പുനലൂരിനും അച്ഛന്‍ കോവിലുമിടയില്‍ വെച്ച് KSRTC യാത്രക്കാരന്‍ മരണപ്പെട്ട സംഭവത്തിന് ഉത്തരവാദി ആര്. KSRTCയ ആണോ അതോ ഫോറസ്റ്റ് വകുപ്പാണോ എന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നാരായണന്‍ എന്നു പേരുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളാണ് ഇന്നലെ ഹൃദയാഘതം മൂലം മരണപ്പെട്ടത്. നാരായണന് ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് ബസില്‍ നിന്നും ഇറങ്ങണമെന്ന് ആവശ്യപ്പെട്ടത്. പുനലൂരില്‍ നിന്നും കയറിയ നാരായണന്‍ കടമ്പുകാട് എന്ന സ്ഥലത്തേക്കാണ് ടിക്കറ്റ് എടുത്തത്. എന്നാല്‍, കടമ്പുകാടിനും പത്തു കിലോമീറ്റര്‍ മുമ്പുള്ള കോട്ടക്കയം ഭാഗത്ത് ബസ് എത്തിയപ്പോഴാണ് നാരായണന് ശ്വാസതസ്സം കലശലായതും ബസില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടതും.
തുടര്‍ന്ന് കണ്ടക്ടര്‍ ബിജുവും കുറച്ച് യാത്രക്കാരും ചേര്‍ന്ന് നാരായണനെ ബസില്‍ നിന്നിറക്കി. ബിജു അതുവഴി വന്ന ഒരു ഫോറസ്റ്റ് ജീപ്പിന് കൈ കാണിച്ചു. നാരായണനെ ആശുപത്രിയിലേക്ക് കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ വിസ്സമ്മതിച്ചു. കുറച്ചു കഴിഞ്ഞ് അതുവഴി മറ്റൊരു ഫോറസ്റ്റ് ജീപ്പ് വന്നു. ഈ ജീപ്പില്‍ നാരായണനെ കിടത്തി. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിക്കാം എന്നുപറഞ്ഞ ഉറപ്പിന്‍മേല്‍ KSRTC ബസ് സര്‍വ്വീസ് തുടര്‍ന്നു. ശേഷം കോട്ടക്കയം ഭാഗത്ത് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നാണ് കണ്ടക്ടര്‍ ബിജു പറയുന്നത്. പക്ഷെ അവിടെ പിന്നീടു സംഭവിച്ചത്, കടമ്പുകാടിലേക്ക് ടിക്കറ്റെടുത്ത നാരായണന്‍ മരണപ്പെടുകയായിരുന്നു.
ഒരു ജീവന്‍ പൊലിഞ്ഞു പോയത്, ആരുടെ നിരുത്തരവാദ സമീപനം കൊണ്ടാണ് എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. എല്ലാവരും അവരവരുടെ കടമകള്‍ നിര്‍വഹിച്ചു. കണ്ടക്ടര്‍ ആദ്യം കൈ കാണിച്ച ഫോറസ്റ്റ് ജീപ്പില്‍, നാരായണനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറാകാത്തത് എന്തുകൊണ്ട് ?. പിന്നീടു വന്ന ഫോറസ്റ്റ് ജീപ്പില്‍ നാരായണനെ ആശുപത്രിയില്‍ എത്തിക്കാതെ വഴിയില്‍വെച്ച് ആമ്പുലന്‍സിന് കാത്തുനിന്നതെന്തിന് ?. നാരായണന്റെ ജീവന്‍ നഷ്ടപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ഇടപെല്‍ നടത്തിയതിനു പിന്നില്‍ ആരാണ് ?. ഒരു പട്ടികജാതിക്കാരനായ മനുഷ്യന്റെ മരണത്തിനോട് അല്‍പ്പം പോലും നീതി കാട്ടാതെ ന്യായ വാദങ്ങള്‍ നിരത്തി കൈ കഴുകുകയാണ് എല്ലാവരും. KSRTC ജീവനക്കാര്‍ തങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്തിട്ടാണ് അവിടെ നിന്നും പോയതെന്നു പറയുന്നു.
‘നിങ്ങള്‍ പൊയ്‌ക്കോളൂ, നാരായണന്റെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാമെന്ന്’ ഫോറസ്റ്റുദ്യോഗസ്ഥര്‍ ഉറപ്പു നല്‍കുന്നു. ആശുപത്രിയിലേക്കു പോകവെ പാതി വഴിയില്‍ ജീപ്പ് നിര്‍ത്തി, ആമ്പുലന്‍സിന് കാത്തു നിന്നതില്‍ ദുരൂഹതയുണ്ട്. ജീപ്പ് നിര്‍ത്തി ആമ്പുലന്‍സ് കാത്തുനിന്ന സമയത്തിനുള്ളില്‍ നാരായണനെ ആശുപത്രിയിലെത്തിക്കാമായിരുന്നു. അതുണ്ടായില്ല. ആമ്പുലന്‍സ് പുനലൂരില്‍ നിന്നും എത്താന്‍ അരമണിക്കൂറെടുത്തു. അതുവരെ ഫോറസ്റ്റിന്റെ ജീപ്പില്‍ നാരായണന്‍ മരണത്തോട് മല്ലടിക്കുകയായിരുന്നു. ആമ്പുലന്‍സ് എത്തുന്നതിനു മുമ്പുതന്നെ നാരായണന്‍ മരിച്ചിരുന്നു. നോക്കൂ, ഇവിടെ സംഭവിച്ചത് ഒരു കൊലപാതകമാണെന്നു പറയാന്‍ കാരണം, ആരുടെയൊക്കെയോ അനാവശ്യ ഇടപെടലുകള്‍, മെല്ലെപ്പോക്ക്, ജഗ്രതക്കുറവ് എല്ലാമുണ്ടായി എന്നതു കൊണ്ടാണ്.
‘ഒരാളെ കൊല്ലാന്‍, ഒന്നും ചെയ്യാതിരുന്നാലും മതി’ എന്ന തിയറി കൃത്യമായി നടപ്പാക്കിയതു പോലെ. നാരായണന്റെ മരണം സ്വാഭാവിക മരണമായി മാറുമോ അതോ അസ്വാഭാവിക മരണമായി മാറുമോ എന്നതാണ് ഇനി അറിയാനുള്ളത്. പിന്നോക്ക വിഭാഗക്കാരനായതു കൊണ്ടുതന്നെ, നാരായണന്റെ മരണത്തിനുത്തരവാദി നാരായണന്‍ തന്നെയാണെന്ന് പറഞ്ഞു വെയ്ക്കുന്നുണ്ട്. ആരും കുറ്റക്കാരല്ല. എല്ലാവരും നാരായണനെ സാഹയിച്ചവര്‍ മാത്രമാണ്. എന്നാല്‍, നാരായണന്‍ എല്ലാവരെയും പറ്റിച്ച് മരണത്തിനു കീഴടങ്ങിക്കളഞ്ഞു. ഇല്ലെങ്കില്‍ രക്ഷപ്പെടുത്തിയേനെ. ഒരു കാര്യം സത്യമാണ്, നാരായണനെ KSRTC ബസില്‍ നിന്നും പുറത്തിറക്കുമ്പോഴും, ഫോറസ്റ്റുകാരെ ഏല്‍പ്പിക്കുമ്പോഴും ജീവനുണ്ടായിരുന്നു. അതിനു ശേഷം ഉണ്ടായ നിസ്സംഗതയാണ് നാരായണന്റെ ജീവന്‍ അപഹരിച്ചതെന്ന് വ്യക്തം.
- ബസ് കണ്ടക്ടര്‍ ബിജു പറയുന്നത്
ഞാന്‍ ,ബിജു.വി പുനലൂര്‍ – അച്ചന്‍ കോവില്‍ ബസിലെ കണ്ടക്ടറാണ്. ഞങ്ങള്‍ 1.30 ന്റെ ട്രിപ്പ് പുനലൂരില്‍ നിന്നും അച്ചന്‍കോവിലിലേക്ക് വരവേ കോട്ടക്കയം എത്താറായപ്പോള്‍ ഒരു യാത്രക്കാരന് സുഖമില്ലായെന്ന് അടുത്ത സീറ്റില്‍ ഇരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ എന്റെയടുത്ത് വന്നു പറഞ്ഞു. ഞാന്‍ യാത്രക്കാരനോട് വിവരം തിരക്കിയപ്പോള്‍ ശ്വാസം മുട്ടുന്നു എന്നുപറഞ്ഞു. കൂടെ ആരുമില്ലായെന്നും പനിയും ശ്വാസം മുട്ടലും കാരണം രാവിലെ ആശുപത്രിയില്‍ പോയതാണെന്നും പറഞ്ഞു. യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും കോട്ടക്കയത്ത് ഇറക്കണം എന്നും പറഞ്ഞു. കോട്ടക്കയത്ത് എത്തിയപ്പോള്‍ യാത്രക്കാരുടെ സഹായത്തോടെ ഇദ്ദേഹത്തെ ബസില് നിന്നും ഇറക്കി.
അപ്പോള്‍ അവിടെ കണ്ട ഫോറസ്റ്റ് വകുപ്പിന്റെ ജീപ്പ് കൈകാട്ടി നിര്‍ത്തി. അതിലെ ഉദ്യോഗസ്ഥരോട് വിവരം പറഞ്ഞു. അവരും അവിടെ അമ്പലത്തില്‍ നിന്ന യാത്രക്കാരും അവിടേക്ക് വന്നു. അവരോടും ഇദ്ദേഹം വിവരം പറഞ്ഞു. നാട്ടുകാരില്‍ ഒരാള്‍ ഇയാളുടെ കയ്യിലിരുന്ന ഗുളികയില്‍ ഒന്ന് കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് അഞ്ച് മിനിട്ടിന് ശേഷം അദ്ദേഹത്തോട് തുടര്‍ന്ന് യാത്ര ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലായെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ ഞങ്ങള്‍ 15 മിനിട്ടോളം അവിടെ ചിലവഴിച്ചിരുന്നു. ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോള്‍ അവരും നാട്ടുകാരും -നിങ്ങള്‍ പൊയ്‌ക്കോ ഗുളിക കഴിച്ചല്ലോ കുറച്ച് കഴിയുമ്പോള്‍ ശരിയാകും എന്ന് പറഞ്ഞു.
ഞങ്ങള്‍ അവിടുന്ന് പോരുമ്പോള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരും അവരുടെ ജീപ്പും നാട്ടുകാരും, സുഖമില്ലാതായ യാത്രക്കാരനെ വ്യക്തിപരമായി അറിയാവുന്ന ഒരാളും ഉണ്ടായിരുന്നു. അതിനുശേഷം തിരികെ സര്‍വീസില്‍ 5 മണി സമയത്ത് കോട്ടക്കയത്ത് എത്തിയപ്പോള്‍ അവിടുത്തെ കടയില്‍ ഇതിന് സാക്ഷികളായി നിന്ന കടക്കാരനോട് തുടര്‍ന്ന് നടന്ന കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ അദ്ദേഹത്തിനെ ഫോറസ്റ്റ് ജീപ്പില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി എന്ന് അറിയാനും കഴിഞ്ഞു. ബസ് തിരിച്ച് തിരികെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഞങ്ങള്‍ ഫോറസ്റ്റുകാരുടെ സഹായം തേടിയത്. ഞങ്ങള്‍ ഉത്തരവാദിത്വപരമായും നല്ല ഉദ്ദേശത്തോടു കൂടിയുമാണ് കാര്യങ്ങള്‍ ചെയ്തത്. ഇതിന് യാത്രക്കാരനായി ബസില്‍ ഉണ്ടായിരുന്ന കോട്ടക്കയം ക്ഷേത്രത്തിലെ പൂജാരിയും തുറ ഫോറസ്റ്റ് സ്റ്റേഷനിലെ ഹഫിസ് എന്ന ഉദ്യോഗസ്ഥനും നാട്ടുകാരും സാക്ഷികളാണ്. ഇപ്പോള്‍ മറിച്ച് കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം അസത്യങ്ങളാണ്.
ഇനി അറിയേണ്ടത് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭാഗമാണ്. നാരായണനെ KSRTC ബസില്‍ നിന്നും ഇറക്കിവിട്ടുവെന്ന് ആരോപിച്ച് വിഷയം രാഷ്ട്രീയ വത്ക്കരിക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. നാരായണനെ ആശുപത്രിയില്‍ കൊണ്ടുപോയ ഫോറസ്റ്റിന്റെ ജീപ്പ് ഓലപ്പാറ എന്ന ഭാഗത്ത് എത്തിയപ്പോള്‍ അവിടെ യു.ഡി.എഫിന്റെ കുറച്ചു നേതാക്കന്മാര്‍ ഉണ്ടായിരുന്നു. വനംവകുപ്പിന്റെ ജീവനക്കാര്‍ അവരെ ഈ വിവരം അറിയിച്ചു. അപ്പോള്‍ തന്നെ പുനലൂരില്‍ നിന്നും ആംബുലന്‍സ് വിളിച്ചു. എന്നാല്‍ ആംബുലന്‍സ് വരുന്നതു വരെ യു.ഡി.എഫിന്റെ നേതാക്കന്മാര്‍ ഈ ഫോറസ്റ്റ് വണ്ടി അവിടെ തടഞ്ഞു വെച്ചുവെന്നാണ് ആരോപണം.
CONTENT HIGH LIGHTS; Who is responsible for Narayanan’s death?: Forest Department or KSRTC?; Conductor Biju says the service continued after he was taken to the hospital in a forest jeep
















