കേരളം ഒരു പ്രകൃതി ദുരന്ത പ്രദേശമാണ്. ഇവിടെ മുന്നറിയിപ്പുകളും, രക്ഷാ സംവിധാനങ്ങളും അതിനു വേണ്ടുന്ന പരിശീലനങ്ങളും, പഠനങ്ങളും എല്ലാം നടത്തേണ്ട കാലഘട്ടമാണ് ഇപ്പോള്‍. ഒരോ മഴക്കാലത്തും ഉണ്ടാകുന്ന വലിയ പ്രകൃതി ദുരന്തങ്ങളില്‍ നഷ്ടപ്പെടുന്നത് നിരവധി മനുഷ്യ ജീവനുകളാണ്. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്നതിനെ തടയാനാവില്ല. പക്ഷെ, ദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍, സാഹചര്യങ്ങള്‍, സമയം ഇവയെല്ലാം മുന്‍കൂട്ടി മനസ്സിലാക്കാനും, ജനങ്ങളെ സംരക്ഷിക്കാനും സാധിക്കുന്ന ടെക്‌നോളജി വികസിക്കപ്പെട്ടു കഴിഞ്ഞു. എന്നിട്ടും, മരണങ്ങളും, ദുരന്തങ്ങളും നിര്‍ബാധം ഉണ്ടാകുന്നുണ്ട്. ഇതിനു കാരണം ടെക്‌നോളജി പരാജയപ്പെടുകയോ, ആ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന വകുപ്പ് നിരുത്തരവാദപരമായ സമീപനം എടുക്കുന്നതു കൊണ്ടോ ആണ്.
വയനാട് കള്ളാടി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലും അതേ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലും കവര്‍ന്നെടുത്തത് ആറ് ജീവനുകളാണ്. ഇനിയും മനുഷ്യര്‍ മണ്ണിനടിയില്‍ പൂണ്ടു പോയിട്ടുണ്ട്. അവരെ കണ്ടെത്താനുള്ള തീവ്ര പരിശ്രമത്തിലാണ് നാടാകെ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ ഭാഗത്ത് കനത്ത മഴയാണ് ഉണ്ടായിരിക്കുന്നത്. ഇതിനു സമീപത്താണ് തുരങ്ക പാതയുടെ നിര്‍മ്മാണം നടക്കുന്നതും, തുരങ്ക നിര്‍മ്മാണത്തിന്റെ ഭാഗമായി വരുന്ന മണ്ണും അവിടെയാണ് കൂട്ടിയിട്ടിരിക്കുന്നത്. എന്നാല്‍, അതിന്റെ ഒരു ഭാഗം മാത്രമാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചിറങ്ങിയത്. ആ മണ്ണ് പൂര്‍ണ്ണമായും ഒലിച്ചിരുന്നെങ്കില്‍ കള്ളാടി എന്ന പ്രദേശം തന്നെ മൂടപ്പെട്ടേനെ.
ഇവിടെ സര്‍ക്കാര്‍ ഒരു അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും ദുരന്ത മുഖത്തെത്തി കാര്യങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കാന്‍ കാരണം, തുരങ്കപാതാ നിര്‍മ്മാണമാണെന്ന് സര്‍ക്കാരിനെ നയിക്കുന്ന മുന്നണിയും മന്ത്രിമാരും രാഷ്ട്രീയമായി ആരോപിക്കുന്നുണ്ട്. എന്നാല്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഇന്ന് കള്ളാടി സന്ദര്‍ശിച്ച ശേഷം ഒരു കാര്യം പറഞ്ഞിട്ടുണ്ട്. അതാണ് ഇവിടെ കൂടുതലായും ശ്രദ്ധിക്കേണ്ടത്. മഴ മുന്നറിയിപ്പ് നല്‍കിയതിനെ സംബന്ധിച്ചാണ് ആ സംശയം. റെഡ് അലര്‍ട്ട് നല്‍കിയിരുന്നില്ല എന്ന് മാധ്യമങ്ങള്‍ വഴി അറിഞ്ഞെന്നും ദുരന്തം ഉണ്ടായ ശേഷമാണ് റെഡ് അലര്‍ട്ട് നല്‍കിയതെന്നുമാണ് പറഞ്ഞത്.
ശരിയാണ്, സംസ്ഥാന ദുരന്ത നിവാരണ അതോറി്ടി പുറപ്പെടുവിക്കുന്ന യെല്ലോ, ഓറഞ്ച്, റെയ് അലര്‍ട്ടുകളില്‍ വയനാട് ജില്ലയ്ക്ക് നല്‍കിയരുന്നത് മഞ്ഞ അലര്‍ട്ട് ആണ്. എന്നാല്‍, ദുരന്തം ഉണ്ടായ ശേഷം റെഡ് അലര്‍ട്ട് മുന്നറിയിപ്പായി നല്‍കി. ഇങ്ങനെ ദുരന്തം ഉണ്ടായ ശേഷം റെഡ് അലര്‍ട്ട് നല്‍കുന്ന ദുരന്ത നിവാരണ അതോറിട്ടി തന്നെ ദുരന്തമാണ്. അതോ സര്‍ക്കാര്‍ മാറിയത് അറിയാതെ ഹാങ് ഓവറില്‍ ജോലി ചെയ്യുകയാണോ എന്നതാണ് സംശയം. പ്രതിപക്ഷത്തിന് ഗോളടിക്കാന്‍ വേണ്ടി അവസരം ഒരുക്കുന്നതിന്റെ ഭാഗമായിരുന്നു എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പ്രതിപക്ഷ നേതാവ് മാത്രമാണ് ഈ വിഷയം കൃത്യമായി പറഞ്ഞിരിക്കുന്നതും.
- ദുരന്ത നിവാരണ അതോറിട്ടിയുടെ ചതി
സംസ്ഥാനത്ത് ഉണ്ടാകുന്ന ദുരന്തങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കുകയോ, പഠിക്കുകയോ ചെയ്തശേഷം അതിനുള്ള പരിഹാര മാര്‍ഗങ്ങളും സംരക്ഷണവും തീര്‍ക്കുക, ദുരന്തങ്ങളില്‍പ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ വലിയ ജോലിയാണ് ഈ വകുപ്പ് എടുക്കുന്നത്. വകുപ്പ് തുടങ്ങുമ്പോള്‍ ആര്‍ക്കും വേണ്ടാത്ത, ആരാലും തിരിഞ്ഞു നോക്കാത്ത ഒരു സംവിധാനമായിരുന്നു. എന്നാല്‍, ഇതിന്റെ പ്രാധാന്യം വര്‍ധിച്ചതോടെ ഇന്ന് വലിയ വകുപ്പും, അത്യാന്താപേക്ഷിതവുമായി കഴിഞ്ഞിരിക്കുന്നു. ഇതിന്റെ ഉത്തരവാദിത്വം വളരെ വലുതുമാണ്. ജീവന്റെ വിലയാണ് ഈ വകുപ്പിനുള്ളത്. പക്ഷെ, കള്ളാടി മണ്ണിടിച്ചിലില്‍ വലിയ ചതിയാണ് ദുരന്ത നിവാരണ അതോറിട്ടി ചെയ്തത്.
ചതി തുടങ്ങുന്നത് ഇങ്ങനെ
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചന പ്രകാരം ഇന്ന് (06.07.2026) കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് (06.07.2026) വൈകുന്നേരം 04.00 നും 04.30 നും ഇടയിലായി കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകള്‍ മുഴങ്ങുന്നതായിരിക്കും.
പുറപ്പെടുവിച്ച സമയവും തീയതിയും: 01:30 PM; 06/07/2026

ഇത് കഴിഞ്ഞ 6ന് അതായത്, തിങ്കളാഴ്ച നല്‍കിയ മഴ മുന്നറിയിപ്പാണ്. ഇതില്‍ വയനാട് ജില്ലയില്‍ മഞ്ഞ അലര്‍ട്ടാണ്. അതുകൊണ്ടു തന്നെ പ്രത്യേകിച്ച് മുന്നറിയിപ്പിന്റെ ആവശ്യമില്ല. സാധാരണ ജാഗ്രത പാലിച്ചാല്‍ മതിയാകുമെന്നാണ്. അതായത് നിരീക്ഷിക്കുക, മുന്നറിയിപ്പ് പുതുക്കിക്കൊണ്ടിരിക്കുക എന്നര്‍ത്ഥം. എന്നാല്‍, മുന്നറിയിപ്പ് പുതുക്കപ്പെട്ടത് ദുരന്തത്തിനു ശേഷമായിരുന്നു. ഓരോ മൂന്നു മണിക്കൂര്‍ കഴിയുമ്പോഴും മുന്നറിയിപ്പുകള്‍ പുതുക്കുന്നുണ്ടെങ്കിലും വയനാട്ടില്‍ ഉണ്ടാകാന്‍ പോകുന്ന മഴയുടെ തീവ്രതയോ, അളവോ, ഭയാനകതയോ അളക്കാനോ, പ്രവചിക്കാനോ മുന്നറിയിപ്പു നല്‍കാനോ ദുരന്ത നിവാരണ അതോറിട്ടിക്കു കഴിഞ്ഞില്ല എന്നതാണ്. 6ന് ഒരു മണിക്കുള്ള മുന്നറിയിപ്പിനു ശേഷം മൂന്നു മണിക്കൂര്‍ ഇടവിട്ടുള്ള മുന്നറിയിപ്പുകളില്‍ പറയുന്നത്, കാറ്റിന്റെ വേഗതയും ഇടത്തരം മഴയുമാണ്. പിന്നീടുണ്ടായ മുന്നറിയിപ്പുകള്‍ വൈകിട്ട് 4.20, 7.20, 10.20 വരെയാണ്. ദുരന്തമുണ്ടായ 7-ാം തീയതി പുലര്‍ച്ചെ 1.20, 4.20, 7.20, 10.23 വരെയും ദുരന്ത നിവാരണ അതോറിട്ടി നല്‍കിയിരിക്കുന്നത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടത്തരം മഴയും കാറ്റും ഉണ്ടാകുമെന്നാണ്. അതായത്, യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നു എന്നാണ്. ദുരന്തം ഉണ്ടാകുന്നതിന് തൊട്ടു മുമ്പ് ദുരന്ത നിവാരണ അഥോറിട്ടി നല്‍കിയ മുന്നറിയിപ്പ് ഇതാണ്.
NOWCAST – അടുത്ത മൂന്ന് മണിക്കൂറില്‍ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)
പുറപ്പെടുവിച്ച സമയവും തീയതിയും 10.00 AM; 07/07/2026
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കാസറഗോഡ് (ഓറഞ്ച് അലര്‍ട്ട് : അടുത്ത മൂന്ന് മണിക്കൂര്‍ മാത്രം) ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
NOWCAST dated 07/07/2026
Time of issue 1000 hr IST (Valid for next 3 hours)
Heavy rainfall & gusty winds speed reaching 50 Kmph is likely at one or two places in the Kasaragod (ORANGE ALERT: Valid for next 3 hrs) district; Moderate & gusty winds speed reaching 40 Kmph rainfall is likely at one or two places in Malappuram, Kozhikode, Wayanad, Kannur districts; Light rainfall & gusty winds speed reaching 40 Kmph rainfall is likely at one or two places in other districts of Keralam.
IMD-KSEOC-KSDMA
എന്നാല്‍, 10.20 കഴിഞ്ഞ് അടുത്ത മൂന്നു മണിക്കൂറിനിടയ്ക്ക് കള്ളാടിയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. അപ്പോഴും സംസ്ഥാന ദുരന്ത നിവാരണ അഥോറിട്ടിയുടെ നിരീക്ഷണത്തിലും, വിശകലനത്തിലും, നിഗമനത്തിലുമെല്ലാം വയനാട് സുരക്ഷിതമാണെന്നായിരുന്നു. ദുരന്തമെല്ലാം സംഭവിച്ച് മനുഷ്യരെല്ലാം മണ്ണിനടിയിലായതിനു തൊട്ടു പിന്നാലെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ മഴമുന്നറിയിപ്പ് വന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
റെഡ് അലര്‍ട്ട്
07/07/2026: കോഴിക്കോട്, വയനാട്
ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm -ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
ഓറഞ്ച് അലര്‍ട്ട്
07/07/2026: മലപ്പുറം, കണ്ണൂര്‍, കാസറഗോഡ്
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
മഞ്ഞ അലര്‍ട്ട്
07/07/2026: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്
08/07/2026: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
09/07/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

ഇതാണ് ദുരന്ത നിവാരണ അഥോറിട്ടിയുടെ ചതി. എല്ലാ ദിവസവും മുന്നറിയിപ്പ് ഇടുന്നതു പോലെ കേരളത്തില്‍ ഒന്നും സംഭവിക്കില്ലെന്ന മട്ടില്‍ മുന്നറിയിപ്പ് ഇട്ടു. പക്ഷെ, വയനാട് മഴ തകര്ത്തു പെയ്തു. അത് ദുരന്ത നിവാരണ അഥോറിട്ടിയും കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിഞ്ഞില്ല. എന്നാല്‍, ഉരുള്‍ പൊട്ടി മണ്ണൊലിച്ചപ്പോള്‍ മുന്നറിയിപ്പുകള്‍ മാറ്റി തടിയൂരാനുള്ള ശ്രമമാണ് നടത്തിയത്. അത് മുന്നറിയിപ്പുകള്‍ ഇട്ട സമയവും, അതിനു ശേഷം നടത്തിയ മാനുപ്പുലേഷനും കണ്ടാല്‍ മനസ്സിലാകും.
















