‘അവിടെ പാലു കാച്ചല്‍, ഇവിടെ മേയര്‍ സ്ഥാനാര്‍ത്ഥിയുടെ സത്യ പ്രതിജ്ഞ’. ഇതായിരുന്നു തലസ്ഥാന നഗരസഭയിലെ കൗണ്‍സില്‍ ഹാളില്‍ നടന്ന വിശേഷം. ഇടതു ചരിത്രം തിരുത്തിയെഴുതി കോര്‍പ്പറേഷന്‍ കാവിയണിഞ്ഞപ്പോള്‍ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ അടപടലം ഇടഞ്ഞു. ഇന്നലെ വൈകിട്ടു വരെ മേയര്‍ സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്ന ശ്രീലേഖയെ അവസാന നിമിഷം കാലുവാരി വെറും കൗണ്‍സിലറാക്കിയാണ് വി.വി. രാജേഷ് കസേര ഉറപ്പിച്ചത്. ഡെല്‍ഹിയില്‍ നിന്നാണോ അതോ സംസ്ഥാനത്തിനകത്തു നിന്നാണോ പാര വന്നതെന്ന് ആര്‍ക്കും വ്യക്തമല്ല. എന്നാല്‍, ശ്രീലേഖയ്‌ക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ വിയോജിപ്പുണ്ടെന്നാണ് ഒടുവില്‍ പറഞ്ഞത്.
അങ്ങനെ അനുനയ ചര്‍ച്ചകളും, വിയോജിപ്പുകളിലെ യോജിപ്പുമൊക്കെയായി ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് ആര്‍. ശ്രീലേഖയും എത്തി. മേയറുടെ സത്യപ്രതിജ്ഞയ്ക്കായി വി.വി. രാജേഷിനെ ജില്ലാ കളക്ടര്‍ വേദിയിലേക്ക് വിളിച്ചപ്പോള്‍ മുതല്‍ ശ്രീലേഖയ്ക്ക് അസ്വസ്ഥതകള്‍ ഉണ്ടായി. കൗണ്‍സില്‍ ഹാളില്‍ ഇരിക്കുന്നുണ്ട് എങ്കിലും തന്നെ, പറഞ്ഞു പറ്റിച്ചല്ലോ എന്നൊരു വിഷമം ശ്രീലേഖയുടെ മനസ്സില്‍ ഉള്ളതുപോലെ ആ മുഖത്ത് കാണാമായിരുന്നു. സത്യപ്രതിജ്ഞ കഴിഞ്ഞതും, ശ്രീലേഖ കൗണ്‍സില്‍ ഹാള്‍ വിട്ടു.
അയല്‍ വീട്ടിലൊരു പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുക്കാനുണ്ട് എന്നായിരുന്നു മാധ്യമങ്ങളോട് പറഞ്ഞത്. മേയറുടെ സത്യപ്രതിജ്ഞ ഒഴിവാക്കിയാലും പാലുകാച്ചല്‍ ചടങ്ങ് ഒഴിവാക്കാന്‍ കഴിയില്ലല്ലോ. അതുകൊണ്ട് മേയറുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തലകാണിച്ചു. ഇനി പാലുകാച്ചലിനു പോകാം എന്നായിരിക്കും മുന്‍ ഡി.ജി.പി ചിന്തിച്ചത്. പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുക്കണമെന്നതു കൊണ്ടാണ് പോകുന്നതെന്നും, മറിച്ചൊരു ചിന്ത വേണ്ടെന്നും ഒപ്പമുള്ള കൗണ്‍സിലര്‍മാരോട് പ്രത്യേകം പറഞ്ഞിട്ടാണ് ശ്രീലേഖ മാഡം പോയത്.
പറഞ്ഞതെല്ലാം കൗണ്‍സിലര്‍മാര്‍ വിശ്വസിക്കുകയും ചെയ്തു. അപ്പോഴാണ് പ്രതിപക്ഷത്തെ ഒരു കൗണ്‍സിലറുടെ കമന്റ് വന്നത്. ഇനിയിപ്പോള്‍ ശ്രീലേഖ ആയിരുന്നു മേയറായി തെരഞ്ഞെടുത്തതെങ്കില്‍ പാലുകാച്ചലിന് ആരു പോകുമായിരുന്നു. അതോ പാലുകാച്ചല്‍ മാറ്റി വെയ്ക്കുമായിരുന്നോ. അതോ മേയറിന്റെ സത്യപ്രതിജ്ഞ മാറ്റിവെയ്ക്കുമായിരുന്നോ. ഇതു കേട്ട പ്രതിപക്ഷ നിരയില്‍ കൂട്ടച്ചിരിയാണ് ഉയര്‍ന്നത്. മേയര്‍ സീറ്റ് പോയെങ്കില്‍ പോട്ടെ, ഡെപ്യൂട്ടി മേയറെങ്കിലും ആകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതും പോയി.
ഇനി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആകാന്‍ പറ്റുമോയെന്നതു മാത്രമാണ് ഏക ആശ്വാസം. അതും കിട്ടിയില്ലെങ്കില്‍ ശ്രീലേഖ ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍. കേരളത്തിന്റെ ഡി.ജി.പി ആയിരുന്ന ശ്രീലേഖയാണ് തിരുവനന്തപുരം ജില്ലയിലെ തലസ്ഥാന നഗരസഭയിലെ ഒരു വാര്‍ഡിന്റെ കൗണ്‍സിലര്‍ ആയി ചുരുങ്ങിയത്. ബി.ജെ.പിയില്‍ ആയതുകൊണ്ട് കൗണ്‍സിലറെങ്കിലും ആയി എന്ന ആശ്വാസം മാത്രമാണ് ഇപ്പോഴുള്ളത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനും ശ്രീലേഖയ്ക്ക് സാധ്യതയുണ്ടെന്നാണ് പറയുന്നത്.
ഇക്കാര്യം പറഞ്ഞാണ് ശ്രീലേഖയെ അനുനയിപ്പിച്ചതെന്നും പാര്‍ട്ടി കേന്ദ്രങ്ങളില്‍ പറയപ്പെടുന്നുണ്ട്. അത് എത്രമാത്രം സത്യമാണെന്ന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലേ ഉറപ്പിക്കാനാവൂ. അങ്ങനെയെങ്കില്‍ ശാസ്തമംഗലം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നുറപ്പിക്കാം.
CONTENT HIGH LIGHTS; ‘Catch milk at the neighbor’s house’: R. Sreelekha left without completing the mayoral election; Opposition says stone-pelting has begun; Doubts remain over whether this has exacerbated dissatisfaction
















