തിരുവനന്തപുരം: കേരളത്തിലെ ആദ്യ ബിജെപി മേയറായി വി.വി രാജേഷ് അധികാരമേറ്റതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ പോസ്റ്റ് പങ്കുവെച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
സംസ്ഥാനത്തെ ബിജെപി ആസ്ഥാനമായ കെ.ജി മാരാർ ഭവനുമുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന നിയുക്ത മേയറുടെയും ഡെപ്യൂട്ടി മേയറുടെയും ഔദ്യോഗിക വാഹനങ്ങളുടെ ചിത്രം പങ്കുവെച്ച കെ. സുരേന്ദ്രൻ ‘കട്ട വെയ്റ്റിംഗ് KERALA STATE -1’ എന്ന് കുറിച്ചു. സംസ്ഥാനത്ത് ബിജെപി മേയറായി, ഇനി അടുത്തത് ബിജെപി മുഖ്യമന്ത്രിയാണെന്ന പ്രതീക്ഷ പരോക്ഷമായി പങ്കുവെച്ചുകൊണ്ടാണ് സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
കേരളത്തിലെ തദ്ദേശഭരണ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്താണ് ബിജെപി ഇത്തവണ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചത്. മേയറായി വി.വി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ കേരളത്തിലെ ഒരു കോർപ്പറേഷന്റെ അമരത്തെത്തുന്ന ആദ്യ ബിജെപി മേയർ എന്ന ചരിത്രനേട്ടവും അദ്ദേഹത്തിന് സ്വന്തമായി. കൊടുങ്ങാനൂർ വാർഡിൽ നിന്നുള്ള പ്രതിനിധിയാണ് അദ്ദേഹം. മൂന്നാമത്തെ പ്രാവശ്യവും കൗൺസിലറായി ജയിച്ചുവന്ന ജി.എസ്. ആശാനാഥാണ് ഡെപ്യൂട്ടി മേയർ.
ആകെയുള്ള 100 അംഗങ്ങളിൽ 97 പേർ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ 51 വോട്ടുകൾ നേടിയാണ് വി.വി രാജേഷ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി ശിവജിക്ക് 29 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥിന് 17 വോട്ടും ലഭിച്ചു. യുഡിഎഫിലെ രണ്ട് അംഗങ്ങളുടെ വോട്ടുകൾ അസാധുവായപ്പോൾ, ഒരാൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
















