പലസ്തീനിലെ വെസ്റ്റ് ബാങ്കിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന യുവാവിനെ ഇസ്രയേൽ സൈനികൻ വാഹനം ഇടിച്ച് വീഴ്ത്തി. വഴിയരികിൽ പ്രാർഥിക്കുകയായിരുന്ന പലസ്തീൻ സ്വദേശിയ്ക്കു മേലാണ് ആയുധധാരിയ ഇസ്രയേലി സൈനികൻ വാഹനം ഇടിച്ചുകയറ്റിയത്.
അതീവ ഗുരുതരമായ ഈ അതിക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇസ്രയേൽ സൈന്യം വിശദീകരണവുമായി രംഗത്തെത്തി. വാഹനം ഇടിച്ചു കയറ്റിയ യുവാവ് മുൻ സൈനികനാണെന്നും ഇയാളുടെ സൈനിക സേവനം നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നതയും ഇസ്രയേൽ സൈന്യം അറിയിച്ചു.
ഗുരുതരമായ നിയമലംഘനം നടത്തിയതിനാൽ ഇസ്രയേൽ പൗരന്റെ ആയുധം കണ്ടുകെട്ടിയതായും ഇസ്രയേൽ സൈന്യം പറഞ്ഞു. ദൃശ്യങ്ങളിൽ ഇസ്രയേൽ സൈനികൻ സിവിലിയൻ വസ്ത്രമായിരുന്നു ധരിച്ചിരുന്നത് എന്ന് വ്യക്തമാണ്. ഇയാൾ പിന്നീട് പലസ്തീൻ പൗരന് നേർക്ക് ആക്രോശിക്കുകയും പ്രദേശം വിട്ടുപോകാൻ നിർദേശിക്കുകയും ചെയ്തിരുന്നു. അതേസമയം ഇസ്രയേൽ സൈനികൻ കുരുമുളക് സ്പ്രേ പ്രയോഗിച്ചതായും ആരോപണമുണ്ട്.
















