തിരുവനന്തപുരം ആര്യങ്കോട് ഇൻസ്റ്റാഗ്രാമിൽ വ്യാജ പ്രൊഫൈൽ സൃഷ്ട്ടിച്ചു യുവാവിനെ കബളിപ്പിച്ചു പണം കവരുകയും ആക്രമിക്കുകയും ചെയ്ത കേസിൽ ആറുപേർ പിടിയിൽ. ഇടവാൽ ഇഴവികോണം മാമൂട്ടുവിളാകം വീട്ടിൽ നിധിൻ (24), സഹോദരൻ നിധീഷ് (25), ആര്യൻകോട് പഞ്ഞിക്കുഴി പി.കെ.ഹൗസിൽ ശ്രീജിത്ത് (24), ബാലരാമപുരം പുന്നയ്ക്കാട് പറയക്കോണം കുളത്തിൻകര മേലെപുത്തൻവീട്ടിൽ അഖിൽ (സച്ചു-26), രണ്ട് പ്ലസ് ടു വിദ്യാർഥികൾ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം കുന്നത്തൂർ സ്വദേശി മഹേഷ് മോഹൻ (40) നെയാണ് കബളിപ്പിച്ചത്.
യുവാക്കൾ ഇൻസ്റ്റാഗ്രാമിൽ പെൺകുട്ടിയുടെ പേരിൽ ഒരു ഫേക്ക് അക്കൗണ്ട് തുടങ്ങുകയും അതിലൂടെ മഹേഷുമായി നിരന്തരം ചാറ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് 22 തിയതി പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്നും തന്നെ കാണാൻ വീട്ടിലോട്ട് വരാനും ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് മഹേഷ് ആര്യങ്കോട്ടേക്കു എത്തുന്നത്.
സ്ഥലത്തെത്തിയ മഹേഷിനെ ഇവർ തടഞ്ഞുെവച്ച് ആക്രമിക്കുകയായിരുന്നു. കൈ തല്ലിയൊടിച്ച ശേഷം കത്തിയുപയോഗിച്ച് ശരീരമാസകാലം മുറിവേല്പിച്ചു. ശേഷം മഹേഷിന്റെ സ്മാർട്ട് ഫോണും എടിഎം കാർഡും കൈക്കലാക്കി, കാർഡിന്റെ നമ്പർ മനസ്സിലാക്കിയശേഷം 21,500 രൂപ കവർന്നു. മോചനദ്രവ്യമായി രണ്ടു ലക്ഷം രൂപയും ആവശ്യപ്പെടുകയും ചെയ്തു. ഒരു ലക്ഷം രൂപ ഉടനെ കിട്ടിയില്ലെങ്കിൽ പോക്സോ കേസിൽ കുടുക്കുമെന്നു ഭീഷണിയും പെടുത്തി.
തുടർന്ന് മഹേഷിന്റെ കൈയിൽ പണമില്ലെന്നു ബോധ്യപ്പെട്ടതോടെ അക്രമികൾ ഇയാളെ നെയ്യാണ്ടിങ്കരയിൽ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. ഉടൻ തന്നെ മഹേഷ് പാറശ്ശാലയിലെ പോലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ തുറന്നു പറഞ്ഞു.
ശരീരമാസകലം മുറിവേറ്റ മഹേഷിനെ പോലീസ് ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറശ്ശാല പോലീസ് നൽകിയ വിവരത്തെ തുടർന്ന് ആര്യങ്കോട് എസ്എച്ച്ഒ തൻസീം അബ്ദുൾ സമദിന്റെ നേതൃത്വത്തിൽ അക്രമികളെ കണ്ടെത്തുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.
















