പാശ്ചാത്യ സ്വാധീനത്തെ ചെറുക്കുന്നതിനും പരമ്പരാഗത സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ഖാപ് പഞ്ചായത്ത് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കൗമാരക്കാർ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതിനും ആൺകുട്ടികളും പെൺകുട്ടികളും ഹാഫ് പാന്റ്‌സ് ധരിക്കുന്നതിനും പഞ്ചായത്ത് വിലക്കേർപ്പെടുത്തി.
കൂടാതെ, വിവാഹച്ചടങ്ങുകളിലെ അമിത ചെലവുകൾ നിയന്ത്രിക്കുന്നതിനും അതിഥികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനും പുതിയ നിയമങ്ങൾ വ്യവസ്ഥ ചെയ്യുന്നു.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, 18-20 വയസ്സിനിടയിലുള്ള ആൺകുട്ടികൾക്ക് സ്മാർട്ട്‌ഫോൺ ആവശ്യമില്ലെന്നാണ് ഖാപ് പഞ്ചായത്ത് നിലപാട്. പെൺകുട്ടികൾക്ക് മൊബൈൽ നൽകുന്നത് ദുശ്ശീലങ്ങളിലേക്ക് നയിക്കുമെന്നും ഇത് ആൺകുട്ടികൾക്കും ബാധകമാണെന്നും പഞ്ചായത്ത് വിലയിരുത്തുന്നു. അതിനാൽ, കുട്ടികൾ സ്‌മാർട്ട്‌ഫോണുകൾ വീട്ടിൽ മാത്രം സൂക്ഷിക്കണം.
കൗമാരക്കാർ കുടുംബത്തോടും മുതിർന്നവരോടും കൂടുതൽ സമയം ചെലവഴിക്കുകയും ശരിയായ വിദ്യാഭ്യാസത്തിലും സാമൂഹിക മാർഗ്ഗനിർദ്ദേശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണമെന്ന് താമ്പാ ദേശ് ഖാപ് ചൗധരി ബ്രജ്പാൽ സിങ് വ്യക്തമാക്കി.
വസ്ത്രധാരണത്തിന്റെ കാര്യത്തിലും പഞ്ചായത്ത് കർശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഹാഫ് പാന്റ്‌സ് ധരിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. പരമ്പരാഗത മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക, അനുചിതമായ രീതികൾ ഒഴിവാക്കുക, സാമൂഹിക സൗഹാർദം നിലനിർത്തുക എന്നിവയാണ് ഈ നിയന്ത്രണങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖാപ് പഞ്ചായത്ത് വിശദീകരിച്ചു. പാശ്ചാത്യ സംസ്കാരത്തിന്റെ കടന്നുകയറ്റം തടയാനാണ് ഇത്തരം തീരുമാനങ്ങളെന്നും അവർ കൂട്ടിച്ചേർത്തു.
വിവാഹങ്ങളുമായി ബന്ധപ്പെട്ട അമിത ചെലവുകൾക്കും പുതിയ നിയമങ്ങൾ വഴി കടിഞ്ഞാണിട്ടിട്ടുണ്ട്. വിവാഹച്ചടങ്ങുകൾ ഗ്രാമങ്ങളിലും വീടുകളിലും മാത്രം നടത്തണമെന്നാണ് നിർദ്ദേശം. വിവാഹ ഹാളുകളിലെ ആഘോഷങ്ങൾ ബന്ധങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് പഞ്ചായത്ത് അഭിപ്രായപ്പെട്ടു.
ക്ഷണക്കത്തുകൾ നൽകുന്നതിന് പകരം, വാട്ട്‌സ്ആപ്പ് പോലുള്ള ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ ക്ഷണങ്ങൾ അയയ്ക്കാൻ ബ്രജ്പാൽ സിങ് നിർദ്ദേശിച്ചു. അതിഥികളുടെ പട്ടിക പരിമിതപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
ഈ തീരുമാനങ്ങൾ സമൂഹത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതാണെന്നും ഇത് ഉത്തർപ്രദേശ് സംസ്ഥാനം മുഴുവൻ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും പഞ്ചായത്ത് അംഗങ്ങൾ അറിയിച്ചു. ഇതിനായി മറ്റ് ഖാപ് പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് പ്രചാരണം നടത്താനും പദ്ധതിയുണ്ട്.
രാജസ്ഥാനിലെ സമാനമായ പഞ്ചായത്ത് തീരുമാനം അംഗീകരിച്ച ഖാപ് അംഗങ്ങൾ, സമൂഹത്തിൻ്റെ തീരുമാനം പരമോന്നതമാണ് എന്നും പ്രഖ്യാപിച്ചു. പഞ്ചായത്തിന്റെ ഈ തീരുമാനം ‘സമയബന്ധിതവും ഉചിതവുമാണ്’ എന്ന് പ്രാദേശിക നിവാസിയായ നരേഷ് പാൽ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടു.
















