ന്യൂഡൽഹി ഉന്നാവ് പീഡനക്കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിന തടവ് ശിക്ഷ ഡൽഹി ഹൈക്കോടതി മരവിപ്പിച്ചതിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധം.
വിധി നീതി നിഷേധമാണെന്ന് ആരോപിച്ച് സാമൂഹ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ഒരു കൂട്ടം വനിതകൾ പാർലമെന്റിന് മുന്നിൽ ധർണ ആരംഭിച്ചു. രാജ്യത്തെ പെൺമക്കൾക്ക് നീതി ഉറപ്പാക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
സാമൂഹ്യപ്രവർത്തകരായ മുംതാസ് പട്ടേൽ, അംഗിത ഭയാന, ഋതിക ഇഷ, കെസ്‍വിയ ഹാലിത് എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. “സുപ്രീം കോടതിയെ സമീപിക്കും. സുപ്രീം കോടതിയിൽ നിന്ന് നീതി കിട്ടുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഉത്തരാഖണ്ഡിൽ ബിജെപി നേതാവിന്റെ മകൻ ഉൾപ്പെട്ട പീഡനക്കേസിലെ അതിജീവിതയ്ക്കും നീതി കിട്ടണം” എന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധം കണക്കിലെടുത്ത് പോലീസും അർദ്ധസൈനിക വിഭാഗങ്ങളും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
2017-ലാണ് ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മുൻ ബിജെപി നേതാവായിരുന്ന കുൽദീപ് സിങ് സെൻഗർ ബലാത്സംഗം ചെയ്തത്. ഈ കേസിൽ 2019-ൽ വിചാരണക്കോടതി ഇദ്ദേഹത്തിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷയെ ചോദ്യം ചെയ്ത് കുൽദീപ് സിങ് നൽകിയ ഹർജിയിൽ അന്തിമ തീർപ്പുണ്ടാകുന്നതുവരെയാണ് നിലവിൽ ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്.
കർശന ഉപാധികളോടെയാണ് കുൽദീപിന് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. ഡൽഹിയിൽ തന്നെ തുടരണം, അതിജീവിതയുടെ വീടിന് 5 കിലോമീറ്റർ ചുറ്റളവിൽ പ്രവേശിക്കരുത്, അതിജീവിതയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത് എന്നിവയാണ് പ്രധാന ഉപാധികൾ.
അതിനിടെ, ഡൽഹി ഹൈക്കോടതിയുടെ വിധിയിൽ പ്രതിഷേധിച്ച അതിജീവിതയും അമ്മയും ഡൽഹിയിൽ കയ്യേറ്റത്തിനിരയായെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മാധ്യമങ്ങളോട് സംസാരിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഓടുന്ന ബസിൽനിന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർ തന്നെ തള്ളിയിട്ടെന്ന് അതിജീവിതയുടെ മാതാവ് ആരോപിച്ചു.
















