ലണ്ടനിൽ രണ്ട് പത്തനംതിട്ട സ്വദേശിനികൾ ഉൾപ്പെടെ മൂന്ന് മലയാളി യുവതികൾക്ക് നേരെ ഇന്ത്യൻസ് എന്നു വിളിച്ചു മർദനം. നഴ്സുമാരായ പത്തനംതിട്ട മാടപ്പള്ളിൽ സോബി, പത്തനംതിട്ട സ്വദേശി ഡെയ്സി, പുനലൂർ സ്വദേശി അക്ഷിത എന്നിവർക്കാണ് മർദനമേറ്റത്.
ബ്രിട്ടീഷ് സമയം ഞായറാഴ്ച രാവിലെ 7.30-ഓടെയായിരുന്നു സംഭവം. ജോലിക്കായി ബസ്സിൽ ക്രൊയ്ഡോണിൽനിന്ന് ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു യുവതികൾ. പെട്ടന്ന് ഇവർ കയറിയ ബസിൽ അവിടത്തുകാരിയായ ഒരു സ്ത്രീ കത്തിയുമായെത്തി ആക്രമണം നടത്തുകയായിരുന്നു.
ആക്രമണം തടയാൻ ശ്രമിച്ചപ്പോൾ അക്ഷിതയുടെ വയറിന് ചവിട്ടേറ്റു. തുടർന്ന് കത്തിയുമായി മറ്റുള്ളവർക്കുനേരേയും തിരിഞ്ഞു. പിന്നീട് പോലീസ് എത്തിയാണ് മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചത്. ആക്രമണം നടക്കുന്ന സമയത്തു സോബി നാട്ടിലുള്ള ഭർത്താവ് ജോൺപോളും മക്കളുമായി വീഡിയോകോൾ ചെയ്യുകയായിരുന്നു. ആക്രമണം കണ്ട് കുട്ടികളും ഭർത്താവും പരിഭ്രാന്തരായി.
















