ഹമാസിന്റെ സായുധസേനാ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡിന്റെ ദീർഘകാല വക്താവായിരുന്ന അബൂ ഒബൈദ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു.
അബൂ ഒബൈദയെ ഇക്കഴിഞ്ഞ ഓഗസ്റ്റ് 30ന് ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ പറഞ്ഞിരുന്നെങ്കിലും ഹമാസ് ഇതുവരെയും സ്ഥിരീകരിച്ചിരുന്നില്ല.
ടെലഗ്രാം ചാനലിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് അൽ ഖസ്സാം ബ്രിഗേഡ് തങ്ങളുടെ സുപ്രധാന വക്താവിന്റെ വധം സ്ഥിരീകരിച്ചത്.
ഹുദായ്ഫ സാമിർ അൽ–കലൂത്ത് എന്നാണ് ഒബൈദയുടെ യഥാർഥ പേരെന്നും ഹമാസ് ആദ്യമായി വെളിപ്പെടുത്തി. യുദ്ധകാലത്ത് ഹമാസിന്റെ നിർണായക തീരുമാനങ്ങളും പ്രഖ്യാപനങ്ങളും പുറത്തുവിട്ടിരുന്നത് ഒബൈദയായിരുന്നു.
അബൂ ഒബൈദയെ കൂടാതെ ഇസ്രായേൽ മറ്റ് നാല് കമാൻഡർമാരെ കൊലപ്പെടുത്തിയതു കൂടി ഹമാസ് പുറത്തുവിട്ട വിഡിയോയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ഹമാസ് കമാൻഡറായിരുന്ന മുഹമ്മദ് സിൻവാർ, റഫാ ബ്രിഗേഡിന്റെ മേധാവി മുഹമ്മദ് ഷബാനാ, അൽ ഖസ്സാം ബ്രിഗേഡിലെ മുതിർന്ന നേതാവായ ഹക്കിം അൽ–ഇസ്സ, രണ്ടാം കമാൻഡർ റാദ് സാദ് എന്നിവരെ ഇസ്രായേൽ വധിച്ചതാണ് സ്ഥിരീകരിച്ചത്. ഹമാസിന്റെ പുതിയ വക്താവാണ് വിഡിയോയിൽ സംസാരിച്ചത്.
















