പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ കേരളത്തിലെ സീറോ-മലബാർ സഭാംഗമായ കത്തോലിക്കാ പുരോഹിതനെ കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയും താമരശ്ശേരി രൂപതാംഗവുമായ ഫാ. ജെയിംസ് ചേരിക്കലാണ് (60) അറസ്റ്റിലായത്.
16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച കനേഡിയൻ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തെ തുടർന്ന് ടൊറന്റോ അതിരൂപത ഫാ. ജെയിംസ് ചേരിക്കലിനെ പാസ്റ്ററൽ ശുശ്രൂഷയിൽ നിന്ന് പുറത്താക്കി. ഡിസംബർ 20-ന് സഭാനടപടിക്രമങ്ങൾ അനുസരിച്ച് ആണ് പുറത്താക്കിയത്.
ബ്രാംപ്ടണിലെ സെന്റ് ജെറോംസ് കത്തോലിക്കാ പള്ളിയിൽ പാസ്റ്ററായി സേവനമനുഷ്ഠിക്കുന്ന ഫാ. ചേരിക്കലിനെതിരെ പെരുമാറ്റദൂഷ്യത്തെക്കുറിച്ച് ആരോപണം ഉയർന്നതായി ടൊറന്റോ അതിരൂപതയുടെ പ്രസ്താവനയിൽ പറയുന്നു. ഡിസംബർ 18-നാണ് പീൽ റീജിയണൽ പോലീസ് ഇദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തിയത്.
















