യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തൻ്റെ ഭരണകാലത്തെ വിദേശനയ വിജയങ്ങൾ വീണ്ടും ഉയർത്തിക്കാട്ടി രംഗത്ത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ താൻ ഇടപെട്ട് അവസാനിപ്പിച്ചുവെന്നാണ് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടത്. എന്നാൽ, ഇത്രയധികം നേട്ടങ്ങൾ കൈവരിച്ചിട്ടും തനിക്ക് അർഹമായ ‘ക്രെഡിറ്റ്’ ലഭിക്കാത്തതിലുള്ള നിരാശയും അദ്ദേഹം പ്രകടിപ്പിച്ചു.
ഫ്‌ളോറിഡയിലെ പാം ബീച്ചിലുള്ള തൻ്റെ വസതിയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഈ അവകാശവാദങ്ങൾ ഉന്നയിച്ചത്. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, മരുമകൻ ജാരെഡ് കുഷ്‌നർ എന്നിവരുൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
എട്ട് യുദ്ധങ്ങൾ പരിഹരിച്ചതിനെക്കുറിച്ച് സംസാരിക്കവെ, അസർബൈജാൻ ഉൾപ്പെട്ട ഒരു സംഘർഷം താൻ ഒരു ദിവസം കൊണ്ട് അവസാനിപ്പിച്ചതിനെക്കുറിച്ച് ട്രംപ് വിശദീകരിച്ചു. “അതിൽ ഒന്ന് അസർബൈജാനായിരുന്നു… അത് പറയാൻ കഴിയുന്നത് നല്ല കാര്യമാണ്.
റഷ്യൻ പ്രസിഡൻ്റ് വ്‌ളാദിമിർ പുടിൻ എന്നോട് പറഞ്ഞു, ‘നിങ്ങൾ ആ യുദ്ധം പരിഹരിച്ചെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല, കാരണം ഞാൻ 10 വർഷമായി അതിനുവേണ്ടി ശ്രമിക്കുകയായിരുന്നു.’ ഞാനത് ഒരു ദിവസം കൊണ്ട് പരിഹരിച്ചു,” ട്രംപ് പറഞ്ഞു.
വ്യാപാര ഇടപാടുകൾ നിർത്തിവെക്കുമെന്ന താക്കീതും 200 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമാണ് സംഘർഷത്തിന് അറുതി വരുത്താൻ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം തൻ്റെ ഇടപെടലിലൂടെയാണ് അവസാനിച്ചതെന്നും ട്രംപ് ആവർത്തിച്ചു. “ഇതിനെനിക്ക് ക്രെഡിറ്റ് ലഭിക്കുമോ? ഇല്ല. ഞാൻ എട്ടെണ്ണം ചെയ്തു. ഇന്ത്യയും പാകിസ്താനും എന്തു പറയുന്നു… എന്നിട്ട് ബാക്കിയുള്ളത് ഞാൻ നിങ്ങളോട് പറയാം,” ട്രംപ് നെതന്യാഹുവുമായുള്ള സംഭാഷണത്തിൽ പറഞ്ഞു. വ്യാപാരക്കരാർ വാഗ്ദാനം ചെയ്തുകൊണ്ടാണ് താൻ ഈ ‘യുദ്ധം’ അവസാനിപ്പിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
മേയ് മാസത്തിൽ വെടിനിർത്തലിന് ഇരു രാജ്യങ്ങളും സമ്മതിച്ചതായി സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചതുമുതൽ ട്രംപ് തൻ്റെ ഇടപെടലിനെക്കുറിച്ച് 70-ലധികം തവണ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
എന്നാൽ, ഇന്ത്യയുടെ ഭാഗത്തുനിന്ന് ട്രംപിൻ്റെ ഈ വാദങ്ങളെ പലപ്പോഴും നിഷേധിച്ചിട്ടും അദ്ദേഹം നിലപാട് ആവർത്തിക്കുകയാണ്. ട്രംപിൻ്റെ ഈ അവകാശവാദങ്ങൾ അന്താരാഷ്ട്ര നയതന്ത്ര ലോകത്ത് ഇപ്പോഴും ചർച്ചാവിഷയമായി തുടരുകയാണ്.
















