ഗുജറാത്ത് പോലീസിൻ്റെ രഹസ്യ ഓപ്പറേഷനിൽ ആഡംബര കാർ ഉപയോഗിച്ച് ലഹരിമരുന്ന് കടത്തി വിൽപന നടത്തിവന്ന സംഘത്തിലെ മൂന്ന് പേർ പിടിയിലായി. പോലീസിൻ്റെ കണ്ണുവെട്ടിക്കാൻ വേണ്ടിയാണ് പ്രതികൾ വിതരണത്തിനായി ലക്ഷ്വറി കാർ ഉപയോഗിച്ചിരുന്നത്.
പുതുവത്സരാഘോഷങ്ങൾക്കായി വൻതോതിൽ വിതരണം ചെയ്യാൻ ലക്ഷ്യമിട്ട് തായ്‌ലൻഡിൽനിന്ന് ഇറക്കുമതി ചെയ്ത, ഉയർന്ന വിലയുള്ള ഹൈബ്രിഡ് കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. സംഭവത്തിൽ സംഘത്തലവൻ ഒളിവിലാണ്.
പോലീസ് പിടിച്ചെടുത്ത 432 ഗ്രാം ഹൈബ്രിഡ് കഞ്ചാവിന് ഏകദേശം 15.12 ലക്ഷം രൂപയോളം വിപണിയിൽ വിലവരും. ഡിസംബർ 31-ന് അഹമ്മദാബാദിലെയും സമീപ പ്രദേശങ്ങളിലെയും ഫാംഹൗസുകളിലും മറ്റും നടത്താൻ നിശ്ചയിച്ചിരുന്ന പാർട്ടികളിലേക്ക് വിതരണം ചെയ്യാനാണ് ഈ ലഹരിമരുന്ന് എത്തിച്ചതെന്ന് പിടിയിലായവർ മൊഴി നൽകി. പോലീസിൻ്റെ ശ്രദ്ധയിൽപ്പെടാതിരിക്കാനാണ് ചരക്ക് നീക്കത്തിന് മെഴ്‌സിഡസ് പോലുള്ള ആഡംബര കാറുകൾ ഉപയോഗിച്ചിരുന്നതെന്നും പ്രതികൾ സമ്മതിച്ചു.
ഷേല- ഭോപ്പാൽ റോഡിലെ ആപ്പിൾവുഡ് വില്ലാസിലെ താമസക്കാരനായ അർചിത് അഗർവാളിനെ ചുറ്റിപ്പറ്റിയുള്ള നീക്കങ്ങളാണ് പോലീസിൻ്റെ നിരീക്ഷണത്തിൽ കലാശിച്ചത്. തായ്‌ലൻഡിൽനിന്ന് ഹൈബ്രിഡ് കഞ്ചാവ് സംഭരിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിൻ്റെയും ഇവിടെ വിതരണം ചെയ്യുന്നതിൻ്റെയും മുഖ്യ സൂത്രധാരൻ ഇയാളായിരുന്നു. പോലീസിൻ്റെ സംശയം ഒഴിവാക്കാനായി അഗർവാൾ ചരക്ക് വിതരണത്തിന് മെഴ്‌സിഡസ് കാർ ഉപയോഗിച്ചാണ് തൻ്റെ ബിസിനസ് മുന്നോട്ട് കൊണ്ടുപോയിരുന്നത്.
കച്ചവടം ഉറപ്പിച്ച ശേഷം, കാറിൽ ഡ്രൈവറുമായി പുറപ്പെടുന്ന അഗർവാൾ, നിർദ്ദിഷ്ട സ്ഥലത്ത് എത്തുമ്പോൾ ലഹരിമരുന്നുമായി ഡ്രൈവറെ അവിടെ ഇറക്കും. ശേഷം കാറോടിച്ച് മുന്നോട്ട് പോകും. ഈ സമയം, ചരക്കുമായി നിൽക്കുന്ന ഡ്രൈവറുടെ അടുത്തെത്തി ആവശ്യക്കാർ സാധനം കൈപ്പറ്റി മടങ്ങുന്നതായിരുന്നു രീതി. ഓരോ യാത്രയ്ക്കും 10,000 രൂപയാണ് അഗർവാൾ ഡ്രൈവർക്ക് പ്രതിഫലമായി നൽകിയിരുന്നത്.
കൃത്യമായ രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ, സംസ്ഥാന നിരീക്ഷണ വിഭാഗത്തിലെ ഒരു പ്രത്യേക ഉദ്യോഗസ്ഥൻ അഗർവാളിൻ്റെ നീക്കങ്ങൾ നിരന്തരമായി നിരീക്ഷിച്ചുവരികയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ഇയാൾ ചിൻമയ് സോണി, ഡ്രൈവർ രാഹുൽ ഭഡോരിയ എന്നിവർക്കൊപ്പം ആഡംബര കാറിൽ പുറത്തിറങ്ങുന്നത് കണ്ടതോടെ പോലീസ് ഇവരെ പിന്തുടർന്നു.
ആപ്പിൾവുഡ് വില്ലാസിൽ നിന്ന് അൽപ്പം മാറിയെത്തിയപ്പോൾ അഗർവാളും സോണിയും ചേർന്ന് കൈയിൽ ഒരു പൊതിയുമായി ഡ്രൈവർ ഭഡോരിയയെ കാറിൽനിന്ന് ഇറക്കിവിട്ടു. തുടർന്ന് കാർ ഓടിച്ചുപോവുകയും ചെയ്തു. താമസിയാതെ, ഭഡോരിയയുടെ അടുക്കലേക്ക് രവി മർകൻ, ദർശൻ പരീഖ് എന്നീ രണ്ട് പേർ എത്തുകയും ഭഡോരിയയുടെ കൈവശമുള്ള പൊതി കൈപ്പറ്റുകയും ചെയ്തു. ഈ കാഴ്ച ക്യാമറയിൽ പകർത്തിയ പോലീസ് ഉടൻ തന്നെ ഓപ്പറേഷൻ നടത്തി ഈ മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.
ലഹരിമരുന്ന് വാങ്ങാനെത്തിയ രവി മർകൻ, ദർശൻ പരീഖ് എന്നിവരെയും വിതരണത്തിനായി നിന്ന ഡ്രൈവർ രാഹുൽ ഭഡോരിയയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടന്നതിന് പിന്നാലെ സംഘത്തലവനായ അർചിത് അഗർവാളും ചിൻമയ് സോണിയും ഒളിവിൽപോയി. ഇവർക്കായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. കഞ്ചാവ് ഉൾപ്പെടുത്തി പാർട്ടി നടത്തുന്ന സംഘാടകർ, ഇവരുടെ ഉപഭോക്താക്കൾ എന്നിവരടങ്ങിയ ഈ വലിയ ശൃംഖലയിലെ എല്ലാ കണ്ണികളെയും കണ്ടെത്താനും ഇവരുടെ സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിക്കാനുമുള്ള ശ്രമത്തിലാണ് നിലവിൽ പോലീസ്.
















