റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഔദ്യോഗിക വസതി ലക്ഷ്യമിട്ടു നടന്ന യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിന്റെ തെളിവുകൾ പുറത്തുവിടില്ലെന്ന് റഷ്യ. എല്ലാ ഡ്രോണുകളും തകർത്തെന്നും ഇത്തരം അന്വേഷണങ്ങൾ സാധാരണയായി സൈന്യം കൈകാര്യം ചെയ്യാറുണ്ടെന്നും റഷ്യൻ അധികൃതർ അറിയിച്ചു.
ഇത്രയും വലിയൊരു ഡ്രോൺ ആക്രമണം വ്യോമ പ്രതിരോധ സംവിധാനത്തിന്റെ മികച്ച ഏകോപനത്തിലൂടെ തകർത്തതിന്റെ പ്രത്യേകം തെളിവുകൾ നൽകേണ്ടതില്ലെന്ന് കരുതുന്നുവെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സമാധാന ചർച്ചയിൽ റഷ്യ നിലപാട് കടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വടക്കുപടിഞ്ഞാറൻ റഷ്യയിലെ നോവ്ഗൊറോഡ് മേഖലയിലുള്ള പുടിന്റെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി, യുക്രെയ്‌ൻ 91 ദീർഘദൂര ഡ്രോണുകൾ വിക്ഷേപിച്ചുവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‌റോവാണ് ആരോപണമുന്നയിച്ചത്.
സംഭവസമയത്ത് പുട്ടിൻ എവിടെയായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇത്തരമൊരു ആക്രമണം നടത്തിയ സ്ഥിതിക്ക് സമാധാന ചർച്ചകളിലെ റഷ്യയുടെ നിലപാട് പുനഃപരിശോധിക്കുമെന്നും ലാവ്‌റോവ് പറഞ്ഞു.
ഫ്ലോറിഡയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് – യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ചർച്ച കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടപ്പോഴാണ് ആരോപണം ഉയർന്നത്.
















