മലയാളികൾക്ക് പുതുവത്സരാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏറെ പ്രതീക്ഷകളോടെ എല്ലാവരും പുതുവര്‍ഷത്തിലേക്ക് കടക്കുകയാണ്. 2026 പ്രതീക്ഷകളുടെ വര്‍ഷമാണ്. എല്ലാവരുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടാകണം. മനസില്‍ പ്രത്യാശ ഉണ്ടാകണം. ജീവിതത്തെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളുണ്ടാകണം. ജീവിത നിലവാരത്തില്‍ മാറ്റങ്ങളുണ്ടാകണം. ലോകത്തുള്ള എല്ലാ മനുഷ്യര്‍ക്കും സന്തോഷമുണ്ടാകണം. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും പാരസ്പര്യത്തിന്റെയും പുതുവര്‍ഷം ആയിരിക്കണം വരേണ്ടത്.
മാറ്റങ്ങള്‍ ഉണ്ടാകണം, അതുണ്ടായേ മതിയാകൂ. പുതുവര്‍ഷം മാറ്റങ്ങളുടേതാകട്ടെ. എല്ലാവര്‍ക്കും ഊഷ്മളമായ പുതുവത്സര ആശംസകള്‍ നേരുന്നുവെന്നും വി ഡി സതീശൻ കുറിച്ചു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ മലയാളികൾക്ക് പുതുവത്സരാശംസകൾ നേർന്നു. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി ആശംസാ സന്ദേശത്തിൽ പറഞ്ഞു. കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരുമെന്ന പ്രത്യാശയുടെ കിരണങ്ങളാണ് പുതുവത്സരാഘോഷങ്ങൾക്ക് നിറവേകുന്നത്.
പരസ്പര സ്നേഹത്തിന്റെയും മൈത്രിയുടെയും ഉദാത്ത മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് കരുതലോടെ നമുക്കും ഈ ആഘോഷങ്ങളിൽ പങ്കുചേരാമെന്നും മുഖ്യമന്ത്രി ആശംസയിൽ അറിയിച്ചു. അതേസമയം, ലോകത്ത് പലയിടത്തും നേരത്തെ തന്നെ പുതുവർഷം എത്തിയിട്ടുള്ളതിനാൽ ആഘോഷവും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ദക്ഷിണ പസഫിക് രാജ്യങ്ങളാണ് ആദ്യമായി ന്യൂഇയറിനെ വരവേൽക്കുക. പതിവ് പോലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് ആദ്യമായി ന്യൂ ഇയർ എത്തിയിരിക്കുന്നത്. പിന്നാലെ ന്യൂസിലാന്‍റിലെ ഓക് ലന്‍റിലും പുതുവർഷം പിറന്നിരുന്നു.
Story Highlights : v d satheeshan new year wishes
















