മിമിക്രി താരം മഹേഷ് കുഞ്ഞുമോന്റെ യാത്രകൾക്ക് പുതിയ കൂട്ട്. കിയ സോണറ്റ് സ്വന്തമാക്കിയിരിക്കുകയാണ് താരം. വാഹനത്തിന്റെ വില 7.30 ലക്ഷം മുതലാണ് തുടങ്ങുന്നത്. ഫാമിലിയോടൊപ്പമെത്തി പുതിയ വാഹനം സ്വന്തമാക്കിയതിന്റെ ചിത്രങ്ങൾ മഹേഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
ഇഞ്ചിയോൺ കിയയിൽ നിന്നുമാണ് വാഹനം സ്വീകരിച്ചത്. ഏത് വേരിയന്റാണ് സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. 3 പെട്രോൾ മാനുവൽ, 5 ഡീസൽ മാനുവൽ, 3 പെട്രോൾ ഐഎംടി, 2 ഡീസൽ ഐഎംടി, 3 പെട്രോൾ ഡിസിടി, മൂന്ന് ഡീസൽ ഓട്ടമാറ്റിക് എന്നിങ്ങനെ പത്തൊമ്പത് മോഡലുകളിൽ വാഹനം ലഭിക്കും. ഇരുപത്തിയഞ്ചിലധികം സുരക്ഷ സംവിധാനങ്ങളും, 10 എഡിഎസ് ഫീച്ചറുകളും, 15 ഹൈടെക് സുരക്ഷ സംവിധാനങ്ങളും 70 കണക്റ്റഡ് കാർ ഫീച്ചറുകളും പുതിയ സോണറ്റിലുണ്ട്.
വലുപ്പം കൂടിയ എൽഇഡി ഹെഡ്‌ലാംപ്, പുതിയ എൽഇഡി ഡേടൈം റണ്ണിങ് ലാംപുകൾ, പുതിയ മുൻ ബംബർ, എൽഇഡി ഫോഗ്‌ലാംപ്, പുത്തൻ ഡിസൈനിലുള്ള 16 ഇഞ്ച് അലോയ് വീലുകൾ, പിന്നിലെ എൽഇഡി ലൈറ്റ് ബാർ, സി ആകൃതിയിലുള്ള ടെയിൽ ലാംപ്, പുതിയ പിൻ ബംബർ, റൂഫ് മൗണ്ടഡ് സ്പോയിലർ എന്നിവയാണ് എക്സ്റ്റീരിയറിൽ.
10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ്, സെല്‍റ്റോസിന് സമാനമായി 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമുണ്ട്. കൂടാതെ ക്ലൈമറ്റ് കൺട്രോൾ ഇൻഫോ കാണാനുള്ള ചെറിയൊരു സ്ക്രീനും ഡാഷ് ബോർഡിൽ നൽകിയിട്ടുണ്ട്. എഡിഎഎസ് ലെവൽ 1 ടെക്നോളജിയും വാഹനത്തിനുണ്ട്. ഫോർവേർഡ് കൊളീഷൻ വാണിങ്, ലൈൻ ഡിപ്പാർച്ചർ വാണിങ്, ഫോർവേർഡ് കൊളീഷൻ അവോയിഡൻസ് അസിസ്റ്റൻസ് ആൻഡ് വാണിങ്, ഹൈ ബീം അസിസ്റ്റ്, ലൈൻ കീപ് അസിസ്റ്റ് തുടങ്ങി നിരവധി ഫീച്ചറുകളുണ്ട് എഡിഎഎസിൽ. സൂരക്ഷയ്ക്കായി ആറ് എയർബാഗുകൾ, ടയർപ്രഷർ മോണിറ്ററിങ് സിസ്റ്റം, ഇഎസ്‌സി, 360 ഡിഗ്രി ക്യാമറ എന്നിവയുണ്ട്. ബോസ് ഓഡിയോ, സൺറൂഫ്, എൽഇഡി ആംബിയന്റ് ലൈറ്റ് എന്നീ ഫീച്ചറുകളും നൽകിയിട്ടുണ്ട്.
1.2 പെട്രോൾ, 1 ലീറ്റർ ടർബോ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എന്നിങ്ങനെയാണ് എൻജിൻ ഓപ്ഷനുകൾ . 1.2 ലീറ്റർ പെട്രോൾ എൻജിൻ മാനുവൽ ഗിയർബോക്സിൽ മാത്രം ലഭിക്കുമ്പോൾ ഒരു ലീറ്റർ പെട്രോൾ എൻജിൻ ആറ് സ്പീഡ് ഐഎംടി, 7 സ്പീഡ് ഡിസിടി ഗിയർബോക്സുകളിലും 1.5 ലീറ്റർ ഡീസൽ മോഡൽ ആറു സ്പീഡ് മാനുവൽ, ഐഎംടി, ആറ് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുകളിലും ലഭിക്കും.
















